കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിങ് തുടങ്ങിയത്. 10.3 ശതമാനമാണ് ആദ്യ മണിക്കൂറിലെ പോളിംഗ്.
രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ അംഗടിമൊഗര്‍ സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ രാവിലെ എട്ടുമണിയോടെ ഉപ്പള മുളിന്‍ജയിലെ ബൂത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് മണ്ഡലത്തിലാകെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment
0 Comments