കേരളം (www.evisionnews.co): കേരളത്തിലെ യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. 2014ല്‍ 455 കുട്ടികളെ എത്തിച്ചതിനെ ചൊല്ലിയുള്ള കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മുക്കം, വെട്ടത്തൂര്‍ യത്തീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത്. യത്തീംഖാനയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ല. സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സിബിഐ അന്വേഷണം.
പാലക്കാട് റെയില്‍വെ പോലീസ് യതീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പ് കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.
എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ,യത്തീംഖാനകള്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കുട്ടികടത്തല്ലെന്ന് കാണിച്ച് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്.
Post a Comment
0 Comments