കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജാമ്യാപേക്ഷ തള്ളി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളാണ് ജാമ്യഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിദ്യാധരന്‍ പെരുമ്പളയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിലിറങ്ങിയാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അത് കേസിന്റെ തുടര്‍ നടപടിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
കേസില്‍ ഒന്‍പത് പേരാണ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം ആയിരുന്ന പീതാംബരനാണ് മുഖ്യപ്രതി. മറ്റൊരു സിപിഎം പ്രവര്‍ത്തകനായ സജിജോര്‍ജ് രണ്ടാം പ്രതിയാണ്. സുരേഷ്, കെ അനില്‍കുമാര്‍, കുണ്ടംകുഴിയിലെ അശ്വിന്‍, ശ്രീരാഗ്, ഗിജിന്‍, മുരളി, രജ്ഞിത്ത് എന്നിവരാണ് മറ്റുള്ളവര്‍. കൊലപാതകം നടന്നിട്ട് 52 ദിവസം പിന്നിട്ടു. വേഗത്തില്‍ കുറ്റപത്രം നല്‍കാനാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനിടയിലാണ് പ്രതികള്‍ക്കുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Post a Comment
0 Comments