ന്യൂഡല്‍ഹി (www.evisionnews.co): ലോക് സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ ദിനങ്ങളാണ്. മോദിയും രാഹുലും നേര്‍ക്കുനേര്‍ എത്തുന്ന തെരഞ്ഞെടുപ്പാണിത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയും തെലങ്കാനയില്‍ അമിത് ഷായും കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുണ്ട്.
അതേസമയം, അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധി നാളെ പത്രിക നല്‍കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റോഡ് ഷോക്ക് ശേഷമാകും രാഹുല്‍ പത്രിക നല്‍കുക. അമേഠിയില്‍ സ്മൃതി ഇറാനിയാണ് എതിര്‍സ്ഥാനാര്‍ത്ഥി. നേരത്തെ, വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സഹോദരി പ്രിയങ്കക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്.
Post a Comment
0 Comments