ദേശീയം (www.evisionnews.co): റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി അധ്യക്ഷനായ മൂന്ന് അംഗബഞ്ചാണ് കേസ് പരിഗണിച്ചത്. രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി അപ്പാടെ തള്ളി. പ്രതിരോധ രേഖകള്‍ക്ക് ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിരക്ഷയുണ്ടെന്നാണു കേന്ദ്രം വാദിച്ചത്.
ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍നിന്ന് രേഖകള്‍ നീക്കം ചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചിരുന്നു.
Post a Comment
0 Comments