കാസര്‍കോട് (www.evisionnews.co): കാസര്‍കോട്, കണ്ണൂര്‍ ഉള്‍പ്പടെ പതിനൊന്ന് ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇതുവരെ 12 പേരാണ് പൊള്ളലേറ്റ് ചികിത്സ തേടിയെത്തിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. പൊള്ളലേറ്റതില്‍ കൂടുതലും വെയിലത്ത് ജോലിയെടുക്കുന്നവരും കുട്ടികളുമാണെന്നാണ് കണക്കുകള്‍. അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
-രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.
-നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക.
-രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
-പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
-അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം.
-അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം.
-തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് തൊഴില്‍ദാതാക്കള്‍ പാലിക്കണം.
-മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
-തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം
Post a Comment
0 Comments