Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ ജീവിതത്തില്‍ അപൂര്‍വ നേട്ടങ്ങളുടെ തമ്പുരാന്‍: 12വട്ടം മന്ത്രി, 13 ബജറ്റ്, 54 വര്‍ഷം ജനപ്രതിനിധി


(www.evisionnews.co) കഴിഞ്ഞ ജനുവരി 30ന് 86ാം പിറന്നാള്‍ ആഘോഷിച്ച കെ.എം മാണി രാഷ്ട്രീയ ജീവിതത്തിലെ ഒട്ടേറെ അപൂര്‍വ നേട്ടങ്ങള്‍ക്കും ഉടമയാണ്. ഏറ്റവും കൂടുതല്‍ തവണ (12) ബജറ്റ് അവതരിപ്പിച്ച മന്ത്രി, ഒരേ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധീകരിച്ച ജനപ്രതിനിധി, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നയാള്‍ തുടങ്ങി നിരവധി റെക്കോഡുകള്‍ മാണിയുടെ പേരിലുണ്ട്. 

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30 നായിരുന്നു മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജിലും മദ്രാസ് ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. 1959 ല്‍ കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964 ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് കേരളത്തിലെ ഏറ്റവും പ്രമുഖമായ പ്രാദേശിക കക്ഷിയായി പിന്നീട് മാറിയ കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി.

കരിങ്ങോഴക്കല്‍ മാണി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. ഒരു നിയമസഭാ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവ് എന്ന് ഖ്യാതിയും മാണിക്കാണ്. ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന ബജറ്റ് (12 പ്രാവശ്യം) അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. 1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോഡ് 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.

പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിയ്ക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോഡും. അച്യുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കെ. കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), എ.കെ ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയിലും (270 ദിവസം), ഇ.കെ നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡും മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത മന്ത്രിയും ഇദ്ദേഹമാണ്.

2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് എന്ന കോണ്ട്രാക്ടര്‍ ആരോപണമുന്നയിച്ചു. ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ 'മന്ത്രിസ്ഥാനത്ത് കെ.എം മാണി തുടരുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന' കോടതിയുടെ പരാമര്‍ശം പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മര്‍ദ്ദമേറി. 'സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നായിരുന്നു' കോടതി പരാമര്‍ശം. കേസിലെ പ്രതികൂല കോടതിവിധിയെ തുടര്‍ന്ന് 2015 നവംബര്‍ അഞ്ചിന് കെ.എം.മാണി രാജിവെച്ചു. കുട്ടിയമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ജോസ് കെ. മാണി എംപി മകനാണ്. അഞ്ച് പെണ്‍മക്കളും കെ.എം മാണിയ്ക്കുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad