Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഒത്തുതീര്‍പ്പുകള്‍ ജലരേഖയായി: എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിലേക്ക്


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ ജനുവരി 30 മുതല്‍ നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്. അതിര്‍ത്തികള്‍ ബാധകമാക്കാതെ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍പ്പെടുത്തുമെന്ന സുപ്രധാന ആവശ്യമാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെ നിരാകരിക്കപ്പെട്ടത്. മാര്‍ട്ട് രണ്ടിന് ഇറങ്ങിയ സര്‍ക്കാര്‍ ഓര്‍ഡറില്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നിന്നും പുറത്തുപോയി താമസിക്കുന്നവരെ മാത്രമെ പരിഗണിക്കുകയുള്ളൂ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905പേരില്‍ പതിനെട്ട് വയസിന് താഴെയുള്ള അഞ്ഞൂറോളം കുട്ടികളെ വീണ്ടുമൊരു പരിശോധന കൂടാതെയും ബാക്കിയുള്ളവരെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെ വീണ്ടുമൊരു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ തീരുമാന ലംഘനം സര്‍ക്കാര്‍ നടത്തിയിരിക്കയാണെന്നാണ് ജനകീയ സമരസമിതിയുടെ ആരോപണം.

2014ലും 2016ലും അമ്മമാര്‍ നടത്തിയ സമരത്തിനൊടുവില്‍ അതിര്‍ത്തി നോക്കാതെ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന തീരുമാനങ്ങളാണ് വളരെ ബോധപൂര്‍വം ലംഘിക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബം വീണ്ടും സമരത്തിനിറങ്ങുന്നത്.

സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മാര്‍ച്ച് 19ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്താന്‍ മുന്നണി യോഗം തീരുമാനിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് മുന്നണിയുടെ തീരുമാനം. യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു. കെ. കൊട്ടന്‍, ടി. ശോഭന, സമീറ പരപ്പ, പ്രേമചന്ദ്രന്‍ ചോമ്പാല, രാമകൃഷ്ണന്‍ വാണിയമ്പാറ, പി. ഷൈനി, എം സുബൈദ, ശിവകുമാര്‍ എന്‍മകജെ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ബെന്നി മാലക്കല്ല്, പി.ജെ ആന്റണി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. ചന്ദ്രാവതി സംസാരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad