കാസര്‍കോട് (www.evisionnews.co) കൗണ്‍സില്‍ നടപടിക്രമങ്ങള്‍ അറിയാത്ത കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ കൗണ്‍സില്‍ യോഗത്തില്‍ ഗുണ്ടയെ പോലെയാണ് പെരുമാറുന്നതെന്നു് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. കൗണ്‍സില്‍ യോഗത്തില്‍ വരുന്ന അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്ന കാര്യത്തിലും അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കുന്നതിലും നടപടിക്രമങ്ങള്‍ അറിയാത്ത ചെയര്‍മാന്‍ ജനപ്രതിനിധികള്‍ക്ക് നാണക്കേടാണ്.
തനിക്ക് അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചാല്‍ അത് അംഗീകരിക്കുന്നതിന് പകരം കയ്യേറ്റം ചെയ്യാനാണ് രമേശന്‍ ശ്രമിക്കുന്നത്. കയ്യൂക്ക് കാട്ടിയും ഭരണ സ്വാധീനം കൊണ്ടും പ്രതിപക്ഷത്തെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണ്, നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓട് പൊളിച്ച് വന്നവരല്ല ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചവരാണെന്ന് ചെയര്‍മാന്‍ മനസ്സിലാക്കണം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ കെ.മുഹമ്മദ് കുഞ്ഞി അടക്കം വനിതാ കൗണ്‍സിലര്‍മാരെപ്പോലും ചെയര്‍മാനും ഭരണ കക്ഷി കൗണ്‍സിലര്‍മാരും കയ്യേറ്റം ചെയ്തിട്ടുണ്ട്.
കൗണ്‍സില്‍ അംഗങ്ങളെ മര്‍ദ്ദിക്കാനും, അവകാശങ്ങള്‍ നിഷേധിക്കാനും കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതിരിക്കാനും ശ്രമിച്ചാല്‍ ചെയര്‍മാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അബ്ദുല്‍ റഹ്മാന്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments