കാസര്‍കോട് (www.evisionnews.co): പെര്‍ളയില്‍ വീടിന്റെ വാതില്‍പ്പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മുന്‍ പ്രവാസി പെര്‍ള അമേക്കളയിലെ എന്‍.എസ്. ഇബ്രാഹിമിന്റെ വീടായ മദീന മന്‍സിലിലാണ് കവര്‍ച്ച നടന്നത്. മകളും മരുമകനും ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇബ്രാഹിമും കുടുംബവും ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട് പൂട്ടി കാസര്‍കോട് ടൗണിലേക്ക് പോയതായിരുന്നു. രാത്രി 10.30ഓടെ എത്തിയപ്പോഴാണ് വീടിന്റെ താഴത്തെ നിലയിലെ വാതില്‍പ്പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. താഴത്തെ നിലയിലെ മുറിയിലെ ഒരു അലമാരയും മുകളിലത്തെ നിലയിലെ മൂന്ന് മുറികളിലെ അരമാരകളും പൊളിച്ചനിലയിലായിരുന്നു.
താഴത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. മറ്റൊരു അലമാരയില്‍ സൂക്ഷിച്ച മുക്കുപണ്ട ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. വൈകിട്ട് 6.30നും 7നും ഇടയില്‍ വീടിന്റെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചു. ഉച്ചയോടെ വിരലടയാള വിദഗ്ധര്‍ പരിശോധനക്കെത്തി. അതേ സമയം ഇബ്രാഹിം കാസര്‍കോട് നഗരത്തിലെത്തിയപ്പോള്‍ നേരത്തെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് എപ്പോഴെത്തുമെന്ന് ചോദിച്ചിരുന്നുവത്രെ. ഇത് അടിസ്ഥാനമാക്കിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment
0 Comments