(www.evisionnews.co) കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. വയനാട്, വടകര, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും വൈകുമെന്നാണ് സൂചനകള്‍. എ,ഐ ഗ്രൂപ്പ് പോരാണ് സ്ഥാനാര്‍ത്ഥി നിര്‍ണത്തിന് വൈകുന്നത്. ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം കേരളത്തിലെ 12 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
നാല് മണ്ഡലങ്ങളെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തിയിട്ടില്ലെന്നതാണ് ഹൈക്കമാന്‍ഡിന് തലവേദനയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഇന്നലെ ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ചു. അതേസമയം, ഉമ്മന്‍ ചാണ്ടി ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും. സീറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ ധാരണയിലെത്താനാണ് ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
സിറ്റിങ് സീറ്റായ വയനാടിനെ ചൊല്ലിയാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി സിദ്ധീഖിനെ നിര്‍ത്തമണമെന്ന് എ ഗ്രൂപ്പും ഷാനിമോള്‍ ഉസ്മാന്‍, കെപി അബ്ദുള്‍ മജീദ് എന്നിവരില്‍ ആരെയെങ്കിലും നിര്‍ത്തണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടു. വിജയസാധ്യതയുള്ള വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഉറച്ച് നിന്നതോടെയാണ് ഹൈക്കമാന്‍ഡിന് തലവേദനയായത്.
Post a Comment
0 Comments