കാസര്‍കോട് (www.evisionnews.co): ബെദ്രഡുക്ക ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ശമ്പളം മുടങ്ങിയിട്ട് നാലുമാസമാവുന്നു. ഇതോടെ പട്ടിണിയിലായത് 168 കുടുംബങ്ങള്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ മാത്രംതപ്പിയെടുത്ത് ഭരണ നേട്ടമായി പ്രചരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മാനേജിംഗ് ഡയറക്ടറെ തടഞ്ഞുവെച്ചു. നിവേദനങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഫലമില്ലാത്തിനെ തുടര്‍ന്നാണ് ഉപരോധം നടത്തിയത്. ഏഴുമണിക്കൂര്‍ നേരം എം.ഡിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചു.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട് കെല്‍ യൂണിറ്റിനെ ഭെല്ലിന് കൈമാറിയത്. ഭെല്ലിലേക്ക് മാറിയ ജീവനക്കാര്‍ക്ക് ലഭിച്ചത് നഷ്ടങ്ങള്‍ മാത്രം. മാതൃസ്ഥാപനമായ കെല്ലില്‍ രണ്ട് ശമ്പള വര്‍ധന കരാറുകള്‍ നടപ്പാക്കിയെങ്കിലും ഭെല്ലില്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയാന്‍ തീരുമാനിച്ച ഭെല്‍ ഇ എം.എല്‍ കമ്പനി ഏറ്റെടുക്കാന്‍ 2017 ജൂണ്‍ 12ന് കേരള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. രണ്ടു വര്‍ഷമാകാറായിട്ടും തീരുമാനം നടപ്പിലായിട്ടില്ല. വ്യവസായ മന്ത്രി കമ്പനി സന്ദര്‍ശിക്കുകയും ഉടന്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനങ്ങള്‍ കൂടെക്കൂടെ നടത്താറുണ്ടെങ്കിലും ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുകയാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഗുരുതരമായ പ്രതിസന്ധിയാണ് ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍ ഇ.എം.എല്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ച് കമ്പനി പൂര്‍ണ്ണമായും ഏറ്റെടുത്തെങ്കില്‍ മാത്രമെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ.
കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നും അടിയന്തിരമായി ശമ്പളം നല്‍കണമെന്നുമാവശ്യപ്പെട്ട് ഭെല്‍ ഇ.എം.എല്‍ എ.സ്.ടി.യു നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാനേജിംഗ് ഡയറക്ടറെ തടഞ്ഞുവെച്ചത്. ഒമ്പത് മണിക്ക് കമ്പനിയിലെത്തിയ മാനേജിംഗ് ഡയറക്ടര്‍ എസ്. ബസുവിനെ വാഹനത്തില്‍ തന്നെ തടഞ്ഞ തൊഴിലാളികളെ വൈകിട്ട് കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. എസ്.ടി.യു നേതാക്കളായ കെ.പി മുഹമ്മദ് അഷ്‌റഫ്, ടി.പി. മുഹമ്മദ് അനീസ്, പി.എം. അബ്ദുല്‍ റസാഖ്, പി. കൃഷ്ണന്‍, സി.അബ്ദുല്‍ റഷീദ്, ബി.എസ് അബ്ദുല്ല നേതൃത്വം നല്‍കി. ശമ്പളം വിതരണം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments