Type Here to Get Search Results !

Bottom Ad

ഐല മൈതാനം: വിവാദമുണ്ടാക്കി മുസ്ലിം ലീഗിനെ താറടിച്ചുകാട്ടാന്‍ ശ്രമിക്കുന്നതായി പരാതി


കുമ്പള: (www.evisionnews.co) ഐല മൈതാനത്തെച്ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയെയും നേതാക്കളെയും ജനമധ്യത്തില്‍ താറടിച്ചുകാട്ടാന്‍ ചില രാഷ്ട്രീയ സംഘടനകള്‍ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ആരോപിച്ചു. പതിനെട്ട് ഏക്കര്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഐല മൈതാനം. ഇതില്‍ നിന്നും 11 ഏക്കര്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. പിന്നീട് ഏഴ് ഏക്കര്‍ പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 1992ല്‍ അന്നത്തെ എ.ജെ.ഐ സംഘവും അമ്പലക്കമ്മിറ്റിയും ഓരോ ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. അന്നത്തെ ഭരണ സമിതി നല്‍കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ആരോപണവുമായി രംഗത്തുള്ള സി.പി.എമ്മിന്റെ എം.എല്‍.എ ആയിരുന്ന അഡ്വ. സി.എച്ച് കുഞ്ഞമ്പു 2007ല്‍ ലെറ്റര്‍ ഹെഡില്‍ ഉപ്പള വില്ലേജിലെ ഐല ശ്രീദുര്‍ഗ പരമേശ്വരി ക്ഷേത്രത്തിന് ആര്‍.എസ് നം. 186ല്‍പെട്ട 5.96 ഏക്കര്‍ സ്ഥലം പതിച്ചുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അന്നത്തെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മൈതാനത്തിന്റെ വിഷയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടമുഖമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. 

2014ല്‍ താലൂക്ക് അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം പഞ്ചായത്ത് 1.5 ഏക്കര്‍ സ്ഥലം താലൂക്ക് കെട്ടിടത്തിനായി നല്‍കിയിരുന്നു. ഇതിനെതിരെ ഒരുവിഭാഗം പരസ്യ പ്രതിഷേധവുമായി പഞ്ചായത്തിന് മുന്നില്‍ സമരം നടത്തി. ഇതേതുടര്‍ന്ന് പഞ്ചായത്ത്, ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ ജില്ലാ കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് വേദി ഒരുങ്ങുകയും ചെയ്തു. പ്രശ്ന പരിഹാരത്തിന് മണ്ണംകുഴി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗങ്ങളില്‍ ചിലരുടെ പിടിവാശിമൂലം പരിഹാരം കാണാന്‍ കഴിഞ്ഞില്ല. പിന്നീട് മഞ്ചേശ്വരം ടി.ബിയില്‍ നടന്ന യോഗവും അതേപടി പിരിയുകയായിരുന്നു. 

പഞ്ചായത്തിന്റെ കായിക മത്സരങ്ങള്‍ മൈതാനത്ത് നടക്കുമ്പോള്‍ ചിലര്‍ അത് തടസപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന യോഗവും ശരിയായ പരിഹാരമൊന്നും ആകാതെ പിരിയുകയായിരുന്നു. താലൂക്ക് കെട്ടിടത്തിന് അനുവദിച്ച ഫണ്ട് ലാപ്‌സാകുമെന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പിബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തില്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ, എജെഐ സംഘം ഭാരവാഹികള്‍, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിളിച്ച യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

ഈ യോഗത്തില്‍ ടിഎ മൂസ പങ്കെടുത്തതിനെ ചൊല്ലിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മുസ്‌ലിം ലീഗ് പ്രതിനിധിയായാണ് യോഗത്തില്‍ മൂസ പങ്കെടുത്തത്. രജിസ്റ്ററില്‍ ഐയുഎംഎല്‍ എന്നെഴുതിയത് വെട്ടി പച്ചമഷിയില്‍ 'ജമാഅത്ത്' എന്നാക്കി കൃത്രിമം കാണിച്ചാണ് പുതിയ വിവാദങ്ങള്‍ക്ക് ചില രാഷ്ട്രീയ പ്രതിയോഗികള്‍ തുടക്കമിട്ടത്. ഇക്കാര്യം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് പാര്‍ട്ടിയുമായി കൂടിയാലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.ബി യൂസുഫ്ഹാജി,സെക്രട്ടറി ഉമ്മര്‍ അപോളോ, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍, മുസ്‌ലിം ലീഗ് ഉപ്പള ടൗണ്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ അറിയിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad