കാസര്‍കോട് (www.evisionnews.co): കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ കാണാന്‍ ഈമാസം 12ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് പെരിയയിലെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പെരിയയിലേക്കും അതേപോലെ പ്രമുഖ മതപണ്ഡിതനും ചെമ്പരിക്ക- മംഗളൂരു ഖാസിയുമായ സിഎം അബ്ദുല്ല മൗലവി കൊല്ലപ്പെട്ട ചെമ്പരിക്കയിലേക്കും സ്വാഗതം ചെയ്യുന്ന സമസ്ത നേതാവിന്റെ പോസ്റ്റ് വൈറലാവുന്നു. എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഇ്ര്രബാഹിം ഫൈസി ജെഡിയാറിന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.
കൊല ചെയ്യപ്പെട്ടിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നീതികിട്ടാതെ ബാക്കിയാണ്. കേരളത്തിലും കേന്ദ്രത്തിലും മാറിമാറിവന്ന സര്‍ക്കാറുകള്‍ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ വാഗ്ദാനങ്ങളുമായി വരുന്നതല്ലാതെ കേസില്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും കുറിപ്പിലുണ്ട്. നിരന്തരമായ ആവശ്യം പരിഗണിച്ച് എല്‍.ഡി.എഫ് സര്‍ക്കാറാണ് കേസ് സി.ബി.ഐക്ക് വിട്ടത്. പക്ഷെ ആ ഏജന്‍സിയെയും സമ്മര്‍ദ്ധത്തിലാക്കി അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും കുടുംബത്തെ സാന്ത്വനപ്പെടുത്താനും സഹായഫണ്ട് കൈമാറാനും കേരളത്തിന്റെ വടക്കേ ജില്ലയായ കാസര്‍കോട്ടേക്ക് ഈമാസം പന്ത്രണ്ടിന് ശ്രീമാന്‍ രാഹുല്‍ജീ വരുന്നതായി വാര്‍ത്തകണ്ടു. കരഞ്ഞുകലങ്ങിയ ആ കുടുംബത്തിന്റെ വേദനകളിലും രോദനങ്ങളിലും പങ്കാളിയാവാന്‍ സമയംകണ്ടെത്തുന്നതില്‍ രാഹുല്‍ജിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം അഭിനന്ദിക്കുകയും ചെയ്യട്ടെ. മാത്രമല്ല കേരളത്തില്‍ സമാനമായി കൊലചെയ്യപ്പെട്ട മറ്റു ജില്ലകളിലെ സഹോദരങ്ങളുടെയും കുടുംബങ്ങളെയും സന്ദര്‍ശിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം പകരാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഒപ്പംമറ്റൊരു കൊലപാതവുംകൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. ഉത്തരമലബാറിന്റെ മതഭൗതിക വൈജ്ഞാനിക രംഗത്ത് വിപ്ലവാത്മകമായ നേതൃത്വം നല്‍കിയ ചെമ്പരിക്കയിലെ ഖാസി സി.എം അബ്ദുല്ല മൗലവി എന്ന മഹാമനീഷി ഇരുളിന്റെ മറവില്‍ കൊലചെയ്യപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഉറുമ്പിനെ പോലും അറിഞ്ഞുകൊണ്ട് അദ്ദേഹം നോവിച്ചതായി അറിഞ്ഞിട്ടില്ല. ആ പണ്ഡിതന്റെ വിയോഗം കുടുംബത്തിലും പ്രദേശത്തും മാത്രമല്ല ജാതി മതഭേതമന്യേ അനേകായിരം ജനങ്ങളുടെയും മനസില്‍ ഉണങ്ങാത്ത മുറിവായി രക്തക്കറയായി തളംകെട്ടി നില്‍ക്കുന്നുണ്ട്. നീതി അന്യായമായി നീട്ടികൊണ്ടു പോവുകയാണ്. മാറി മാറി കേരളത്തിലും കേന്ദ്രത്തിലും സര്‍ക്കാറുകള്‍ വന്നെങ്കിലും അത്യന്ത്യം ഗൗരവപൂര്‍വ്വം ഈ വയോധികന്റെ കൊലയെ കണക്കിലെടുത്തിട്ടില്ലെന്നത് സ്വയം ബോധ്യമുള്ളതുമാണ് (ഒറ്റപ്പെട്ട ചില ഇടപെടലുകളെ വിസ്മരിക്കുന്നില്ല) നിരന്തരമായ ആവശ്യം പരിഗണിച്ച് എല്‍ഡിഎഫ് സര്‍ക്കാറാണ് കേസ് സി.ബി.ഐക്ക് വിട്ടത്. പക്ഷെ ആ ഏജന്‍സിയെയും സമ്മര്‍ദ്ധത്തിലാക്കി കൊലപാതകത്തെ മാപ്പര്‍ഹിക്കാത്ത മറ്റൊരു തരത്തിലേക്ക് അന്വേഷണം അട്ടിമറിക്കുന്നതായാണ് പിന്നീട് സംഭവിച്ചത്. അന്ന് യുപിഎ സര്‍ക്കാറിനോട് വിശ്വസ്തരായ മറ്റൊരു ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരളവും കേന്ദ്രവും യുപിഎയും യുഡിഎഫും ഒരുമിച്ച് ഭരിക്കുമ്പോഴും പരിഗണിക്കുമെന്ന ആശ്വാസമുണ്ടായെങ്കിലും കേസ് ചര്‍ച്ചക്കേ എടുത്തില്ല എന്നതാണ് വസ്തുത. ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ കേന്ദ്രത്തിലേയും കേരളത്തിലേയും മന്ത്രിമാരെയും നേതാക്കളെയും കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും കുടുംബം ഒപ്പുമരച്ചുവട്ടില്‍ നീതിക്ക് വേണ്ടിയുള്ള സമരപ്പന്തലിലായിരുന്നു. ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ വാഗ്ദാനങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചാണ് പന്തലില്‍ കയറി ഇറങ്ങിയത്. ഇലക്ഷന്‍ കഴിയട്ടെ എന്നും ഇപ്പോള്‍ ഇടപെടുന്നത് ചട്ടലംഘനമാണെന്നുമാണ് എല്ലാവരുടെയും അവസാനവാക്ക്. അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ മന്ത്രിയെ ദൂതനായി അയച്ച് സമരം അവസാനിപ്പിക്കാനും ഇടപെടാമെന്ന് ഉറപ്പും നല്‍കിയെങ്കിലും പിന്നീട് മുഖ്യമന്ത്രിയില്‍ കേട്ടത് പദവിക്ക് നിരക്കാത്ത വര്‍ത്തമാനമായിരുന്നു. പറഞ്ഞുവരുന്നത് രാജ്യത്തിലെ ന്യൂനപക്ഷ ദളിത് പിന്നോക്ക മര്‍ദ്ധിത വിഭാഗങ്ങളുടെ പ്രതീക്ഷയായ രാഹുല്‍ജി കാസര്‍ക്കോട്ട് വരുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഖാളിയാറുടെ കുടുംബക്കാരെയും കണ്ട് ഒന്ന് സ്വാന്തനപ്പെടുത്താനും നീതി ലഭ്യമാക്കിക്കൊടുക്കാനും തൊട്ടടുത്ത പ്രദേശമായ ചെമ്പരിക്കയിലേക്കോ ഒപ്പുമരച്ചുവട്ടിലേക്കോ സ്വാഗതം ചെയ്യുകയാണ്. അതിന് പ്രാദേശിക നേതൃത്വം കനിയുമോ എന്നറിയില്ല. അല്ലെങ്കിലും ഇടപെടലുകള്‍ നടത്താതെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാനാണെങ്കില്‍ സമയം നഷ്ടപ്പെടുത്താതിരിക്കല്‍ നല്ലതാണ്. ഇനിയും ഞങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന നിലപാടുകളോടെയാണ് കേരളത്തിലെ ഖാസിയുടെ അനുയായികളും കുടുംബക്കാരുമായ വോട്ടര്‍മാര്‍.ആരുടെയും ആഹ്വാനങ്ങള്‍ക്കും നിര്‍ദ്ധേശങ്ങള്‍ക്കും കാത്തു നില്‍ക്കാതെ തന്നെ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണ്. ജില്ലയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമരത്തിന് ലഭിച്ച പിന്തുണയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.
Post a Comment
0 Comments