കാസര്‍കോട് (www.evisionnews.co): വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി. ജയരാജന് നല്‍കുന്ന ഓരോ വോട്ടുകളും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുള്ള ലൈസന്‍സായാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് വി.ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദിലീപിന്റെ 'രാമലീല' ബോക്‌സോഫീസില്‍ വിജയിച്ചപ്പോള്‍ അത് അയാള്‍ സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച കേസിന് ജനകീയ കോടതി നല്‍കിയ കുറ്റവിമുക്തിയായി വ്യാഖ്യാനിക്കപ്പെട്ടത് നമുക്കോര്‍മ്മയുണ്ട്.
വടകരയില്‍ പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സിപിഎമ്മും ലക്ഷ്യം വക്കുന്നത് ഇതു തന്നെയാണ്. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്ത്വം അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമാണെന്ന അപഹാസ്യമായ അവകാശവാദം കോടിയേരി ബാലകൃഷ്ണനേപ്പോലുള്ളവര്‍ മുന്നോട്ടു വക്കുകയും ചെയ്യുന്നു. ഫേസ്ബുക്കില്‍ സെബിന്‍ ജേക്കബ്, കെ ജെ ജേക്കബ്, ജി പി രാമചന്ദ്രന്‍ തുടങ്ങിയ ആസ്ഥാന സിപിഎം ബുദ്ധി ഉപദേശക കേന്ദ്രങ്ങളൊക്കെ ഇപ്പോള്‍ ജയരാജ സ്തുതികളുമായി അരങ്ങു തകര്‍ക്കുകയാണ്. വെറും എം പിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജന്‍ എന്നാണ് അവരുടെയൊക്കെ ആഗ്രഹമത്രേ!
കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും അതില്‍ കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ പങ്കിനേക്കുറിച്ചും വലിയ ചര്‍ച്ചകളുയരുന്ന ഇക്കാലത്ത് പോലും ഇങ്ങനെയൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സിപിഎം ഇന്നാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് വടകരയിലെ സമാധാനകാംക്ഷികളായ വോട്ടര്‍മാരാണ്. മറ്റേതെങ്കിലും കാരണങ്ങള്‍ പരിഗണിച്ചുകൊണ്ട് നിങ്ങള്‍ ആ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും നല്‍കുന്ന പിന്തുണ പോലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുള്ള ലൈസന്‍സായാണ് നാളെകളില്‍ വ്യാഖ്യാനിക്കപ്പെടാന്‍ പോകുന്നത് എന്നേ തല്‍ക്കാലം ഓര്‍മ്മപ്പെടുത്താനുള്ളൂ.
Post a Comment
0 Comments