കാസര്‍കോട് (www.evisionnews.co): കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ആവിഷ്‌ക്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷ 2012ല്‍ പാസായിട്ടും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭ്യമാക്കാത്തത് സംസ്ഥാന തലത്തിലുള്ള ഉദേ്യാഗസ്ഥരുടെ ജാഗ്രതകുറവ് കാരണമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാസര്‍കോട് എടച്ചാക്കൈ സ്വദേശിനി പി. മൃദുല നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ വിമര്‍ശനം.
എന്‍എംഎംഎസ് പരീക്ഷ എഴുതിയാണ് പരാതിക്കാരി സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഒപ്പമുള്ള 17വിദ്യാര്‍ത്ഥികള്‍ക്ക് തുക കിട്ടിയിട്ടും പരാതിക്കാരിക്ക് കിട്ടിയില്ല. അങ്ങനെയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. കമ്മീഷന്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. വിഷയം വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള അപാകത കാരണമാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തതെന്ന് മാനവ വിഭവശേഷി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. എത്രയും വേഗം സ്‌കോളര്‍ഷിപ്പ് അനുവദിക്കണമെന്ന് 2018 സെപ്തംബര്‍ 19ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തെ പ്രതിഭാശാലിയായ ഒരു കുട്ടിക്ക് അര്‍ഹമായ തുക വൈകുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണെന്ന് കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറും ഇക്കാര്യത്തില്‍ ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിക്കും മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിക്കും വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ പകര്‍പ്പ് കമ്മീഷന്‍ അയച്ചു.
Post a Comment
0 Comments