കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം അബ്ദുല്‍ നാസര്‍ സഖാഫിയെ കണ്ണില്‍ മുളകുപൊടി വിതറി അക്രമിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
മാര്‍ച്ച് 21ന് രാത്രിയാണ് നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാമസ്ജിദ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചുവരികയായിരുന്ന അബ്ദുല്‍ നാസര്‍ സഖാഫിയെ അക്രമിച്ചത്. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പാടകലെ നടന്ന സംഭവത്തില്‍ ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. അക്രമം സഹിക്കേണ്ടിവന്ന ഇരതന്നെ അന്വേഷണ ചുമതലകൂടി ഏറ്റെടുക്കേണ്ട അവസ്ഥയാണ്. പ്രതികള്‍ ആരാണെന്ന് പറഞ്ഞാല്‍ തങ്ങളവരെ പിടിച്ചോളാമെന്നാണ് പരാതിക്കാരനോട് പൊലീസ് പറയുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നടന്ന നിരവധി കേസുകളില്‍ ഇതുവരെ തുമ്പുണ്ടായിട്ടില്ല. ഇത്തരം കേസുകളുടെ വിശദാംശങ്ങളെ കുറിച്ച് നിയമസഭയില്‍ ചോദിച്ചപ്പോള്‍ വിവരം ശേഖരിച്ചുവരുന്നു എന്ന ഉത്തരമാണ് ലഭിച്ചത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേരള പൊലീസിന് ജാഗ്രതയും ബാദ്ധ്യതയും ഇല്ലെന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. പ്രമാദമായ പല കേസുകളും തെളിയിച്ച് ഖ്യാതി നേടിയതാണ് കേരള പൊലീസ്. ചിലരുടെ നിഷ്‌ക്രിയത്വവും കൃത്യവിലോപവും ആ ഖ്യാതിക്കു മങ്ങലേല്‍പ്പിക്കാന്‍ അനുവദിക്കരുത്.
നെല്ലിക്കുന്ന് സംഭവത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ഊഹാപോഗങ്ങള്‍ ശക്തമായി പ്രചരിക്കുകയും നിക്ഷിപ്ത താല്‍പര്യക്കാര്‍ സാമൂഹികാന്തരീക്ഷം വഷളാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ലോക്കല്‍ പോലീസിനു കേസ് അന്വേഷണത്തില്‍ അവധാനത പുലര്‍ത്താന്‍ കഴിയില്ല. ആയതിനാല്‍ അന്വേഷണം ഒരു സ്‌പെഷ്യല്‍ ടീമിനെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കയച്ച കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Post a Comment
0 Comments