Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടകൊലപാതകം സി.ബി.ഐ അന്വേഷിക്കണം: 23ന് യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫീസ് മാര്‍ച്ച്


കാസര്‍കോട് (www.evisionnews.co): പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ദാരുണമായി വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കാസര്‍കോട് ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ ഗൂഢാലോചനയടക്കം അന്വേഷണ വിധേയമാക്കണം. മുന്‍കൂട്ടി തയാര്‍ചെയ്ത പദ്ധതി അനുസരിച്ചാണ് കൊലകള്‍ നടത്തിയിട്ടുള്ളത്. കൊലനടന്ന ദിവസം പ്രദേശത്ത് നടന്നിരുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സ്ഥലം എം.എല്‍.എ കുഞ്ഞിരാമന്‍ അടക്കമുള്ള സി.പി.എമ്മിന്റെ പ്രമുഖര്‍ സംബന്ധിക്കാതിരുന്നത് സംശയാസ്പദമാണ്. കൊലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കുഞ്ഞിരാമന്‍ എം.എല്‍.എയുടെ വീടിന് സമീപം കണ്ടതായുള്ള വാര്‍ത്തകളില്‍ വസ്തുത ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷുഹൈബ് വധത്തിന് സമാനമായാണ് ഈ കൊലകളും നടന്നിരിക്കുന്നത്. രണ്ടിടത്തും ആയുധ പരിശീലനം ലഭിച്ച കൊലയാളികളാണ് കൃത്യം നടത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാനം ഭരിക്കുമ്പോള്‍ പോലീസ് അന്വേഷണം കൊണ്ട് കേസ് പൂര്‍ണമാവുമെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല.

സി.പി.എം ഒത്താശയോടെ നടക്കുന്ന കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവന്ന ചരിത്രമില്ല. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അടക്കം ഇതാണ് സംഭവിച്ചത്. ശുഹൈബ് വധത്തിലും മരണ വാറണ്ടില്‍ ഒപ്പുവച്ചയാളെ നിയമത്തിന് മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകാശ് തില്ലങ്കരിയെപ്പോലുള്ള ജയരാജന്റെ കൊലയാളി സംഘത്തിലെ ആളുകളാണ് ശുഹൈബ് വധക്കേസില്‍ പ്രതികളായി വന്നത്. കോടിയേരി അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഡ്രൈവര്‍ആയിരുന്ന മണിക്കുട്ടി ബാബുവിന്റെ ഈകേസിലെ പങ്ക് അന്വേഷിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈമാസം 23ന് യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആര്‍ മഹേഷ്, ജില്ലാ പ്രസിഡണ്ട് സാജിദ് മവ്വല്‍, ജോഷി കണ്ടത്തില്‍, ശ്രീജിത്ത് മാടക്കാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad