ദുബൈ (www.evisionnews.co): പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തകന്‍ അമീര്‍ കല്ലട്രയെ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ആദരിക്കുന്നു. ഫെബ്രുവരി 22ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന കാസ്രോഡിയന്‍ സംഗമത്തില്‍ വെച്ചാണ് ആദരവ് നല്‍കുന്നത്.
രണ്ടര പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്തുള്ള അമീര്‍ കല്ലട്ര നിരവധി സാമൂഹിക, സാംകാരിക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നു. ദീര്‍ഘകാലം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി പ്രസ്ഥാന നേതൃത്വത്തിലും ഭരണ നേതൃത്വത്തിലും തന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്നും സ്മരിക്കപ്പെടുന്ന മര്‍ഹൂം കല്ലട്ര അബ്ബാസ് ഹാജിയുടെ മകനാണ് അദ്ദേഹം.
പിതാവില്‍ നിന്നും കണ്ടുപഠിച്ച സേവനങ്ങള്‍ മകനും ചെയ്തുവരുന്നു. 2011ല്‍ സ്വന്തം കുടുംബത്തിലെ ഒരുമരണം. ആ മയ്യത്ത് ക്ലിയര്‍ ആക്കി നാട്ടിലയക്കാനുള്ള നെട്ടോട്ടം. അത് അമീറിന്റെ ആദ്യത്തെ അനുഭവമായിരുന്നു. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കള്‍ കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ചു ആ മയ്യത്ത് നാട്ടിലെത്തിക്കുമ്പോള്‍ അമീര്‍ അറിഞ്ഞു.
പറഞ്ഞുകേട്ടതിലും സങ്കീര്‍ണമാണ് അനുഭവിച്ച വഴികള്‍. സങ്കീര്‍ണമായ വഴികളിലെ ഊരാക്കുടുക്കുകള്‍ അവസരോചിതമായ ഇടപെടലുകളിലൂടെ എങ്ങനെ എളുപ്പമാക്കാം എന്ന് അമീര്‍ പഠിച്ചു കഴിഞ്ഞു. ബന്ധുവിന്റെ മയ്യിത്ത് അയച്ച ശേഷം അദേഹം ഈസേവനം ഒരു ജീവിത ചര്യയാക്കി മാറ്റി.
ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലത്തിന്റെ രണ്ടാമത്തെ കമ്മിറ്റിയായ അബ്ദുല്‍ ഖാദര്‍ കളനാട് പ്രസിഡണ്ടായ കമ്മിറ്റിയില്‍ അമീര്‍ കല്ലട്ര വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലക്കാരുടെ ഏറ്റവും വലിയ പ്രവാസ പൊതുകൂട്ടായ്മയായ കെസെഫിന്റെ ഖജാഞ്ചിയാണ് നിലവില്‍ അമീര്‍ കല്ലട്ര, ഓരോകാലത്തും വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചു കെസെഫിനെ ജനകീയമാക്കാന്‍ അമീറിന് സാധിച്ചിരുന്നു. നിലവില്‍ നെഹ്‌റു കോളജ് അലുംനി യു.എ.ഇ ജനറല്‍ സെക്രട്ടറി, ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട്, ഒറവങ്കര യൂത്ത് ലീഗ് ഉപദേശക സമിതി തുടങ്ങിയ സ്ഥാനങ്ങളില്‍ കര്‍മ രംഗത്ത് സജീവമാണ്.
Post a Comment
0 Comments