കാസര്‍കോട് (www.evisionnews.co): 108,02,54,629 രൂപ വരവും 99,19,00,000 രൂപ ചെലവും 8,83,54,629 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. ഉല്‍പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന ബജറ്റില്‍ അവതരിപ്പിച്ച പ്രധാന പദ്ധതിയാണ് ചട്ടഞ്ചാലില്‍ 50കോടി രൂപ ചെലവില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റ്. ജില്ലയുടെ വികസന മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പ്പുള്ള പദ്ധതിയാണിത്.
ജില്ലയിലെ സ്‌കൂളുകളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും കുടിവെളളം, ശുചിത്വം, ആസ്തി സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തിയുളള പദ്ധതികള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കി. എസ്എസ്എ പദ്ധതികള്‍ക്കുളള ജില്ലാ പഞ്ചായത്ത് വിഹിതമായുളള മൂന്നു കോടി രൂപയും ഈ ബജറ്റില്‍ വകയിരുത്തി.
വരള്‍ച്ച രഹിത ജില്ലയാക്കി മാറ്റുന്നതിനായി ജലജീവനം പദ്ധതിക്കായി 96 ലക്ഷം രൂപയും സമഗ്ര കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതിക്കായി 50ലക്ഷം രൂപയും വായോജനങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 'പാഥേയം' പദ്ധതിക്ക് 40 ലക്ഷവും ആധുനിക മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും മാറ്റിവച്ചു. കൊറഗ കോളനികളുടെ സമഗ്രവികസനത്തിന് 15 ലക്ഷം, കായിക മികവ് മെച്ചപ്പെടുത്തുന്നതിന് കുതിപ്പ് പദ്ധതിക്കായി 10 ലക്ഷം, വയോജന സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ 40 ലക്ഷം, കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനായി പോര്‍ട്ടബിള്‍ നീന്തല്‍ കുളം സ്ഥാപിക്കുന്നതിന് 10 ലക്ഷം എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവന്‍ റോഡുകളുടേയും നിലവാരം ഉയര്‍ത്തുന്നതിന് തുക വകയിരുത്തി. ജില്ലാ പഞ്ചായത്ത് റോഡുകളെ മെക്കാഡം ടാറിംഗ് നടത്തുന്നതിന് 9.85 കോടി രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 14 കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ റോഡുകളുടെ പുരോഗതിക്കായി 12 കോടി രൂപയു ബജറ്റില്‍ വകയിരുത്തി. ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ലൈഫ്, പി.എം.എ.വൈ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് എട്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ബജറ്റവതരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ. എ.പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Post a Comment
0 Comments