Type Here to Get Search Results !

Bottom Ad

മദ്രസാധ്യാപകന്‍ അക്രമിക്കപ്പെട്ട കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി


കാസര്‍കോട് (www.evisionnews.co): വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മൂന്നു വര്‍ഷമായി നിഷേധിക്കുന്നുവെന്ന ചെമ്മനാട് സ്വദേശിനിയുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പിഡബ്ല്യൂഡി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ചു. ആറുമാസത്തിനകം നല്‍കേണ്ട ധനസഹായം അര്‍ഹയായ പരാതിക്കാരിക്ക് നല്‍കാന്‍ സാധിക്കാത്തത് കൃത്യവിലോപമാണെന്നും ഉടന്‍ സഹായം ലഭ്യമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക്് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ ബന്തിയോടിനടുത്ത് വെച്ച് മദ്രസാധ്യാപകനായ കരീം മൗലവി അക്രമിക്കപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യാത്ത പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള തീവ്രശ്രമം നടത്തുന്നതായും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് തക്കതായ ശിക്ഷ ലഭിക്കത്തക്ക രീതിയിലുള്ള അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ജില്ലാ പൊലീസ് ഓഫീസ് കമ്മീഷനെ അറിയിച്ചു.

കാസര്‍കോട് ഗവ. ആസ്പത്രിയില്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാതിരിക്കുകയും തുടര്‍ന്ന് മറ്റ് ആസ്പത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നുമുള്ള പരാതിയില്‍ ആസ്പത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനവസരം ലഭിച്ചില്ലെന്ന മൂന്ന് പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കാനായി പരാതി ജില്ലാ കലക്ടര്‍ക്ക് കൈമാറാനും കമ്മീഷന്‍ നിര്‍ദേശിച്ചു. സിറ്റിംഗില്‍ 40 പരാതികളില്‍ 11 എണ്ണം തീര്‍പ്പാക്കി. പുതുതായി നാല് പരാതികള്‍ കൂടി ലഭിച്ചു. അടുത്ത സിറ്റിങ് മാര്‍ച്ച് 27 നടത്തുമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad