കാസര്‍കോട് (www.evisionnews.co): മലപ്പുറത്ത് നിന്നും കാസര്‍കോട്ടെത്തിയ ലോറിയിലെ ക്ലീനര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. തലച്ചോറിനേറ്റ രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോട്ടക്കല്‍ വലിയപറമ്പ് പൂഞ്ഞാല്‍കടവത്തെ കുഞ്ഞി മൊയ്തീന്റെ മകന്‍ മുഹമ്മദ് സുഹൈല്‍ (24)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിനകത്തെ രക്തസ്രാവമാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോറി ഡ്രൈവര്‍ മലപ്പുറം അരിക്കല്‍ ചങ്ക്വെട്ടിയിലെ ഷിഹാസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വെള്ളിയാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഇരുവരും ശനിയാഴ്ച മലപ്പുറത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടതായിരുന്നു. അതിനിടെ മാഹിയില്‍ നിന്ന് മദ്യംവാങ്ങി ഇരുവരും ലോറിക്കകത്ത് വെച്ച് മദ്യപിച്ചതായും പറയുന്നു. കാസര്‍കോട് ഭാഗത്തെത്തിയപ്പോള്‍ ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ലോറിയില്‍ വെച്ച് സുഹൈല്‍ ഛര്‍ദ്ദിച്ചതായും അതിനിടെ താഴെ വീണതായും ഷിഹാസ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ല. കാസര്‍കോട് എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുഹൈലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments