കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്തിനെയും കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നത് വരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍. കാസര്‍കോട് ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുപേരെ വെട്ടിക്കൊന്നിട്ട് സുഖമായി വാഴാമെന്ന് ആരും സ്വപ്നം കാണേണ്ട. മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും. രണ്ടു യുവാക്കളെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊന്നതിന് ശേഷം ഉപദേശിയുടെ റോള്‍ അഭിനയിക്കുകയാണിപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയും പിണറായിയും പ്രതികളെ സഹായിക്കില്ലെന്നും പാര്‍ട്ടിയുടെ പരിരക്ഷ കിട്ടില്ലെന്നും പറഞ്ഞിട്ടും കാസര്‍കോട്ടെ എംപിയും എംഎല്‍എയും അടക്കമുള്ള സിപിഎമ്മുകാര്‍ മുഖ്യപ്രതി പീതാംബരന്റെ വീട്ടില്‍ പോയി ബന്ധം പുനസ്ഥാപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസ് അട്ടിമറിച്ചത് പോലെ പെരിയ കൊലക്കേസിന്റെ അന്വേഷണവും അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പ്രൊഫഷണല്‍ കില്ലര്‍മാരെ ഉപയോഗിച്ചാണ് കൊലകള്‍ നടത്തിയതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഷുഹൈബിന്റെ ശരീരത്തിലെ വെട്ടും ശരത്തിന്റെയും കൃപേഷിന്റേയും ശരീരത്തിലേയും വെട്ടുകളും തമ്മില്‍ സാമ്യമുണ്ട്. ഷുഹൈബിന്റെ കൊലയാളി സംഘത്തില്‍പ്പെട്ട ആരോ ഒരാള്‍ കല്ല്യോട്ട് കൊലപാതകത്തിലുണ്ടെന്നും വെട്ടുകള്‍ കണ്ടാല്‍ അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണമെല്ലാം വെറും പ്രഹസനം മാത്രമാണ്. കണ്ണൂരില്‍ നിന്നുള്ള ഗുണ്ടകളാണ്, ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ പൊലീസ് അതെല്ലാം വിഴുങ്ങി. അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥരെ മാറ്റി. അറസ്റ്റ് ചെയ്ത പ്രതികളെല്ലാം കൊലപാതകത്തിന് സഹായിച്ചവരും വഴി കാണിച്ചുകൊടുത്തവരുമാണ്. വെട്ടിയവരും കൊല്ലിച്ചവരും ഇപ്പോഴും പുറത്താണ്. പീതാംബരനാണ് വെട്ടിക്കൊന്നതെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, കെ പി കുഞ്ഞിക്കണ്ണന്‍, കെ കെ രാജേന്ദ്രന്‍, പി എ അഷ്റഫലി, എ ഗോവിന്ദന്‍ നായര്‍, ധന്യ സുരേഷ്, ഗീതാകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment
0 Comments