കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നു. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് എസ്.പി ഓഫീസിന് ഏതാനും മീറ്റര്‍ അകലെ ബാരിക്കേട് വെച്ച് പോലീസ് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കൈകഴുകാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ പോലീസിനേക്കാള്‍ നല്ലത് സി.ബി.ഐ അന്വേഷണമാണ്. ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഗൂഢാലോചന നടത്തിയവരെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശ്രമമെന്ന് ഡീന്‍ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സി.ആര്‍ മഹേഷ്, ശ്രീജിത്ത് മാടക്കല്‍, കരുണ്‍ താപ്പ, കെ. ഖാലിദ്, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ. പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി, ഇ. ഷജീര്‍ സംബന്ധിച്ചു.
Post a Comment
0 Comments