കേരളം (www.evisionnews.co): ശബരിമല യുവതി പ്രവേശന വിധി വന്നതിന് ശേഷം ആദ്യമായി മലചവിട്ടിയ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തിരികെ പ്രവേശിച്ചു. പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്. പക്ഷേ കനകദുര്‍ഗ വീട്ടിലെത്തും മുമ്പേ തന്നെ ഭര്‍ത്താവ് മക്കളേയും ഭര്‍തൃമാതാവിനും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്. പൊലീസ് കനകദുര്‍ഗയ്ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സുരക്ഷ വീട്ടിലും ഉണ്ടാകും.
നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുര്‍ഗ നല്‍കിയ അപേക്ഷയിലായിരുന്നു വിധി. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുര്‍ഗ്ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്.
Post a Comment
0 Comments