ബേക്കല്‍ (www.evisionnews.co): കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പള്ളിക്കര പൂച്ചക്കാട് സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും മരിച്ചു. ഇതോടെ മരണം രണ്ടായി. പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് കുഞ്ഞി- സുമയ്യ ദമ്പതികളുടെ മകള്‍ ഷഹസാന (23)യാണ് മരിച്ചത്. സുമയ്യയുടെ സഹോദരി താഹിറ (35) സംഭവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം. ഷഹസാനയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. താഹിറയുടെ ആറു വയസുള്ള മകന്‍ സിനാനും ഒപ്പമുണ്ടായിരുന്നു. കുട്ടി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ടവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും താഹിറ മരണപ്പെടുകയായിരുന്നു.
മംഗളൂരുവിലെ ആസ്പത്രിയിലായിരുന്ന ഷഹസാന ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പൂച്ചക്കാട് റൗളത്തുല്‍ഉലൂം അറബിക് കോളജിലെ അധ്യാപികയാണ് ഷഹസാന. അവിവാഹിതയാണ്. തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യയാണ് താഹിറ. താഹിറയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ തൊട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Post a Comment
0 Comments