കൊല്‍ക്കത്ത (www.evisionnews.co): ശാരദ ചിട്ടി കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയിലാണ് പോലീസ് സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തത്.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ പരിശോധനക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസുകാര്‍ ഓഫീസിന് മുന്നില്‍ തടയുകയായിരുന്നു. തുടര്‍ന്ന് തള്ളിക്കയാറാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ സംഭവം കയ്യാങ്കളിയായി. തുടര്‍ന്നാണ് അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തത്.
റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്ന് സി.ബി.ഐ ആരോപിക്കുന്നു. സി.ബി.ഐയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടര്‍ന്നാല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊല്‍ക്കത്ത പോലീസ് മേധാവിക്കെതിരായ സിബിഐ നടപടിക്കെതിരെ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ബിജെപിയാണ് ഇതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാറെന്നു മമത ബാനര്‍ജി പറഞ്ഞു.
Post a Comment
0 Comments