കാസര്‍കോട് (www.evisionnews.co): 'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റെതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്‌നമുണ്ടാക്കാന്‍ പോകരുത്.' ഇത് പെരിയയില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായ കൃപേഷിന്റെ പിതാവ് കൃഷ്ണന്റെ വാക്കുകള്‍...
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് മകന്‍ വന്നു പറയാറുള്ളത് ഓര്‍ക്കുന്നു. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണ് പെരിയയും കല്യോട്ടും. പക്ഷേ, ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കണ്ട എന്നാണ് സി.പി.എം അനുഭാവിയായ കൃഷ്ണന്‍ മകനോട് പറഞ്ഞത്.
പിന്നെ, പോളി ടെക്‌നിക്കില്‍വച്ച് ഒരിക്കല്‍ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളേജില്‍ കയറി എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു, പ്രശ്‌നമുണ്ടാക്കില്ല എന്ന് ഉറപ്പുതന്നാല്‍ മാത്രം നീ ഇനി കോളജില്‍ പോയാല്‍ മതി, എന്ന്. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അങ്ങനെ അവന്റെ പഠിത്തം മുടങ്ങി' കൃഷ്ണന്‍ പറയുന്നു.
പിന്നീട് ഒരു ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിന് ശേഷം സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍ നിന്നെ പിന്നെ കണ്ടോളാം എന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞതായും കൃഷ്ണന്‍ ഓര്‍ക്കുന്നു. അവര് കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്ന് അറിയാമായിരുന്നു. അവര്‍ തന്നെ ഗൂഢാലോചന നടത്തിയാണ് കൊന്നത്. പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിഞ്ഞു തന്നെയാണ് കൊലപാതകം എന്നതിന് സംശയമില്ലെന്നും കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
പെരിയ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയവര്‍ പതറാതെ പോവില്ല. ഓലമേഞ്ഞ വീട്ടില്‍ നിന്നും ഇന്നലെ രാത്രിമുതല്‍ ഉയര്‍ന്നുപൊങ്ങുന്നത് നിലവിളികള്‍ മാത്രം. വാവിട്ട് കരയുകയാണ് അമ്മയും സഹോദരിമാരും മറ്റു ബന്ധുക്കളും. അച്ഛന്‍ കൃഷ്ണന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. രണ്ടു പെണ്‍മക്കളുള്ള കുടുംബത്തിലെ ഏക ആണ്‍തരി.
Post a Comment
0 Comments