കാസര്‍കോട് (www.evisionnews.co): തളങ്കര പടിഞ്ഞാറില്‍ കലയുടെ തിരയിളക്കം പകര്‍ന്ന രണ്ടുപകലുകള്‍ക്ക് തിരശ്ശീല വീണു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ മദ്രസ മുതല്‍ സോണ്‍തലം വരെയുള്ള മത്സരങ്ങളില്‍ മാറ്റുരച്ച് ജില്ലയിലേക്ക് അര്‍ഹത നേടിയ ആയിരത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഇസ്ലാമിക് കലാമേളയ്ക്കാണ് തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസ പരിസരത്ത് ടി.കെ.എം ബാവ മുസ്ലിയാര്‍ നഗറില്‍ ഇന്നലെ രാത്രിയോടെ പരിസമാപ്തിയായത്.
ഖുര്‍ആന്‍ പാരായണവും പടപ്പാട്ടും ബുര്‍ദയും കഥാപ്രസംഗവും വിവിധ ഭാഷകളിലുള്ള ഗാനങ്ങളും പ്രസംഗങ്ങളും രണ്ടുദിവസങ്ങളിലായി വിവിധ വേദികളില്‍ അരങ്ങേറി. ചിത്രരചനയും മറ്റിതര സാഹിത്യ രചാനാമത്സരങ്ങളും നടന്നു. എഴുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. കലാമേള ശ്രവിക്കാന്‍ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും എത്തിയിരുന്നു.
കലാമേളയില്‍ സൗത്ത് സോണ്‍ കിരീടം സ്വന്തമാക്കി. 574 പോയിന്റുകള്‍ നേടി വിദ്യാര്‍ത്ഥി വിഭാഗവും 181 പോയിന്റുകള്‍ നേടി മുഅല്ലിം വിഭാഗവും സൗത്ത് സോണിനെ ഒന്നാം സ്ഥാനത്തിനര്‍ഹമാക്കി. വിദ്യാര്‍ത്ഥി വിഭാഗത്തില്‍ 566 പോയിന്റ് നേടി നോര്‍ത്ത് സോണും മുഅല്ലിം വിഭാഗത്തില്‍ 165 പോയിന്റ് നേടി സെന്റര്‍ സോണും രണ്ടാംസ്ഥാനം പങ്കിട്ടു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 161, 168 വീതം പോയിന്റ് നേടി സൗത്ത് സോണ്‍ ചാമ്പ്യന്മാരായപ്പോള്‍ 144, 156 വീതം പോയിന്റുകള്‍ നേടി നോര്‍ത്ത് സോണ്‍ റണ്ണേഴ്സ് അപ്പായി. സബ്ജൂനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ 103, 163 വീതം പോയിന്റ് നേടിയ നോര്‍ത്ത് സോണിനാണ് ചാമ്പ്യന്‍ഷിപ്പ്. 97 പോയിന്റുകള്‍ നേടിയ സൗത്ത് സോണ്‍ സബ് ജൂനിയറിലും 157 പോയിന്റുകള്‍ നേടിയ സെന്റര്‍ സോണ്‍ സൂപ്പര്‍ സീനിയറിലും റണ്ണേഴ്സ് അപ്പായി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോട് റൈഞ്ചിലെ അന്‍വാറുല്‍ മദ്രസയിലെ മുഹമ്മദ് യാസിര്‍ ഹുസൈന്‍, എ മുഹമ്മദ് അല്‍ അമീന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ കെ. മുഹമ്മദ് മിദ്ലാജ്, സീനിയര്‍ വിഭാഗത്തില്‍ മഞ്ചേശ്വരം റൈഞ്ചിലെ ഇശാഅത്തുല്‍ ഇസ്ലാം മദ്രസയിലെ മുഹമ്മദ് സഫ്വാന്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കോട്ടിക്കുളം റൈഞ്ചിലെ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയിലെ മുഹമ്മദ് റാഷിദ് പടിഞ്ഞാര്‍, മുഅല്ലിം വിഭാഗത്തില്‍ ചെറുവത്തൂര്‍ റൈഞ്ചിലെ മുനവ്വിറുല്‍ ഇസ്ലാം മദ്രസയിലെ ടി.കെ അബ്ദുല്‍ റഹ്മാന്‍ ഫൈസി എന്നിവര്‍ കലാപ്രതിഭകളായി.
സമാപന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തി. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണം ചെയ്തു. യഹ്യ തളങ്കര, എം.എ അബ്ദുല്‍ ഖാദര്‍, അസ്ലം പടിഞ്ഞാര്‍, അമാന്‍ അങ്കാര്‍, സിദ്ദീഖ് ഫാന്‍സി, അബ്ദുല്‍ റഹ്്മാന്‍ ബാങ്കോട്, ഫിറോസ് പടിഞ്ഞാര്‍, റഷീദ് പടിഞ്ഞാര്‍ സംബന്ധിച്ചു.
Post a Comment
0 Comments