Type Here to Get Search Results !

Bottom Ad

തൊട്ടുതീണ്ടലുകള്‍ക്ക് അറുതിയില്ല: ക്ഷേത്രോത്സവത്തില്‍ പന്തി വിവേചനമെന്ന് ആക്ഷേപം

കാസര്‍കോട് (www.evisionnews.co): ക്ഷേത്രോത്സവത്തിനിടയില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും പന്തിവിവേചനം നടക്കുന്നുവെന്ന് ആക്ഷേപം. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് നടക്കുന്ന വിഭവസമൃദമായ സദ്യയിലാണ് രണ്ട് പന്തലുകളിലായി ഭക്ഷണ വിതരണം നടക്കുന്നത്. പൊതു-സ്വകാര്യ പരിപാടികളില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തിയാണ് ഇവിടങ്ങളില്‍ ഒരുക്കുന്നതെന്നാണ് വിവരം. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് സംസ്ഥാനത്ത് ജാതി വിവേചനം ഇപ്പോഴും തുടരുന്നതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

ആദ്യത്തെ പന്തല്‍ ചുറ്റമ്പലത്തിന് തൊട്ടു പിറകിലും ക്ഷേത്ര പരിസരത്ത് നിന്ന് മാറി മറ്റൊന്നുമാണ് ഉള്ളത്. ആദ്യത്തെ പന്തലില്‍ ഭക്ഷണം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാല്‍ വിളമ്പിത്തരും. അബ്രാഹ്മണര്‍ക്ക് ഇവിടെ പ്രവേശനമില്ല. ഭക്ഷണം വിളമ്പുന്നതും ബ്രാഹ്മണര്‍മാരാണ്. അല്‍പം മാറിയാണ് മറ്റു ജാതിക്കാര്‍ക്കുള്ള ഭക്ഷണ വിതരണം. വിഭവങ്ങളിലും വേര്‍തിരിരിവുണ്ട്. പല വിവാഹ- സ്വകാര്യ ചടങ്ങുകളിലും ഭക്ഷണ വിതരണം ഈരീതിയിലാണ്. 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയതിന്റെ നൂറാം വാര്‍ഷികം അടുത്തിടെയാണ് കേരളം ആഘോഷിച്ചത്. അതേസമയം ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഇപ്പോഴും പന്തി വിവേചനം നിലനില്‍ക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad