തൃശൂര്‍ (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ എസിന് നാലു സീറ്റുകള്‍ നല്‍കാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ധാരണ. എട്ടുസീറ്റാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടത്. സീറ്റുകള്‍ ഏതൊക്കെ എന്ന് എന്‍.ഡി.എ യോഗം ചേര്‍ന്ന് തീരുമാനിക്കും. കൊല്ലം അടക്കമുള്ള സീറ്റുകളാണ് അവരുടെ ആവശ്യം. കൃഷ്ണദാസ് പക്ഷം തൃശൂരില്‍ എ.എന്‍ രാധാകൃഷ്ണന്റെ പേരാണ് നിര്‍ദേശിച്ചത്. മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍, സുരേഷ്ഗോപി എന്നിവരും സ്ഥാനാര്‍ഥികളായേക്കും. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമോ എന്നകാര്യം ദേശീയ നേതൃത്വത്തിനു വിടും. എന്‍.എസ്.എസിനു കൂടി സ്വീകാര്യരായ രണ്ടു പേര്‍ രംഗത്തുണ്ടാകുമെന്നറിയുന്നു.
ശബരിമല സമരത്തിനുശേഷം ആദ്യമായാണ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്. ശബരിമല സമരം, പ്രധാനമന്ത്രി മോഡിയുടെ കേരള സന്ദര്‍ശനം, ബി.ഡി.ജെ.എസുമായുള്ള സീറ്റ്ധാരണ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു കോര്‍ കമ്മിറ്റിയിലെ ചൂടേറിയ ചര്‍ച്ച. യോഗത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ശബരിമല സമരം വേണ്ടത്ര വിജയിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു. ശ്രീധരന്‍പിള്ളയുടെ നിലപാടുകള്‍ക്കെതിരേ വി. മുരളീധരന്‍പക്ഷം നിലപാടെടുത്തു. നിരാഹാരസമരം അനാവശ്യമായിരുന്നുവെന്ന് സമരം വേണ്ടത്ര ഫലം കാണാതെയാണ് അവസാനിപ്പിക്കേണ്ടി വന്നതെന്നും ആക്ഷേപമുണ്ടായി. സമരം കൊടുമ്പിരിക്കൊണ്ടിരിക്കേ ശ്രീധരന്‍പിള്ള നടത്തിയ ചില പരാമര്‍ശങ്ങള്‍ അനൗചിത്യമായെന്നും വിമര്‍ശനമുണ്ടായി.
എന്നാല്‍ സമരം വന്‍വിജയമായിരുന്നുവെന്നു ശ്രീധരന്‍ പിള്ളയും പി.കെ. കൃഷ്ണദാസും വാദിച്ചു. ഇതിലൂടെ പാര്‍ട്ടിക്കു ബഹുജന പിന്തുണ വര്‍ധിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു. ശബരിമല സമരത്തോടെ സംഘടന ചലനാത്മകമായെന്നു കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ഒരു വിഭാഗം സമരത്തോട് നിസഹകരണം പുലര്‍ത്തിയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാതി. മുരളീധരന്‍ വിഭാഗം സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തില്‍നിന്നു വിട്ടുനിന്നിരുന്നു.
Post a Comment
0 Comments