Type Here to Get Search Results !

Bottom Ad

പള്ളിപ്പുഴയില്‍ ലീഗ് ഓഫീസിന് മുന്നില്‍ സി.പി.എം കൊടികെട്ടി പ്രകോപനം: ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി


\പള്ളിക്കര (www.evisionnews.co): മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ പള്ളിപ്പുഴയില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം പള്ളിപ്പുഴ മുസ്ലിം ലീഗ് ഓഫീസിന്റെ ഷെട്ടറില്‍ സി.പി.എം പതാക കെട്ടി ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം ലീഗ് നേതൃത്വത്തിന്റെ അവസരോചിതമായ ഇടപെടലുകള്‍ മൂലം പരാജയപ്പെട്ടു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പള്ളിപ്പുഴ ലീഗ് കമ്മിറ്റി ജില്ലാ പോലീസ് മേധാവി, ഹോസ്ദുര്‍ഗ് ഡി.വൈ.എസ്.പി, ബേക്കല്‍ സി.ഐ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

കാലാകാലങ്ങളായി പള്ളിപ്പുഴയില്‍ ലീഗിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സുല്‍ഫിക്കര്‍, കബീര്‍, നൗഷാദ്, മഹമൂദ് എന്നിവരാണ് ലീഗ് ഓഫീസ് ഷെട്ടറില്‍ ചുവപ്പ് കൊടികെട്ടിയത്. പിന്നീട് ഫോട്ടോ എടുത്ത ശേഷം ഇവര്‍ തന്നെ കൊടി അഴിച്ചുമാറ്റി. പള്ളിപ്പുഴയില്‍ മുസ്ലിം ലീഗ് പിരിച്ചുവിട്ടുവെന്നും ലീഗ് ഓഫീസ് സി.പി.എം. പിടിച്ചെടുത്തുവെന്നുമുള്ള കള്ള പ്രചാരണം ഇവര്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഏതാനും വ്യക്തികള്‍ വര്‍ഷങ്ങളായി പള്ളിപ്പുഴയില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തനം നടത്താന്‍ ശ്രമം നടത്തുന്നുണ്ട്. മുസ്ലിം ലീഗിന്റെ ശക്തമായ പ്രവര്‍ത്തനം ഇവിടെയുള്ളത് കൊണ്ട് സി.പി.എമ്മിന് ഇവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല .

അതിന്റെ ജാള്യതമറക്കാന്‍ വേണ്ടിയാണ് ലീഗ് ഓഫീസിന് കൊടികെട്ടി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയത്. സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പള്ളിക്കര പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അടുത്ത കാലത്തായി മുസ്ലിം ലീഗില്‍ കടന്നുവന്നിട്ടുണ്ട്. മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള 

സി.പി.എമ്മിന്റെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാന്‍ പള്ളിപ്പുഴയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ഉദുമ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് തായല്‍ മൂസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് തൊട്ടി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, മാളികയില്‍ കുഞ്ഞബ്ദുല്ല, പി.കെ. കുഞ്ഞബ്ദുല്ല, പി.എം ഖാദര്‍ ഹാജി, ബഷീര്‍ പൂച്ചക്കാട്, എം.ബി ഷാനവാസ്, എ.ആര്‍ അസീസ്, പി.കെ അബ്ദുല്ല, ഹനീഫ മഠം, കെ.എം അബ്ദുല്‍ റഹ് മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി പള്ളിപ്പുഴ, ദാവൂദ് പള്ളിപ്പുഴ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad