Type Here to Get Search Results !

Bottom Ad

ഫാറൂഖ് കോളജ് അധ്യപകന് ലീഗ് പിന്തുണ: സര്‍ക്കാരിനെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി, മതനേതാക്കളുടെ യോഗം 29ന്


മലപ്പുറം (www.evisionnews.co): ഫാറൂഖ് കോളജ് അധ്യാപകന്റെ വത്തക്ക പരാമര്‍ശനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ അധ്യാപകന് പിന്തുണ ഏറുന്നു. അധ്യാപകനെ പിന്തുണച്ച് കഴിഞ്ഞദിവസം കൊടുവള്ളിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെ മുസ്ലിം ലീഗ് വിഷയത്തില്‍ ഇടപെടുന്നു. കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണിതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി കുറ്റപ്പെടുത്തി. എന്ത് അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു. സമരം ശക്തിപ്പെടുത്താനാണ് മുസ്ലിം ലീഗ് തീരുമാനം.
ഇടതുപക്ഷ സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരോധമാണ് ഇതില്‍ നിന്നു ബോധ്യമാകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെ കുറിച്ചും ഓരോ മതങ്ങള്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ടാകും. അധ്യാപകന്റേതിന് സമാനമായ അഭിപ്രായ പ്രകടനങ്ങള്‍ മുമ്പ് പലരും നടത്തിയതാണ്. സാംസ്‌കാരിക നായകരും സാഹിത്യകാരന്‍മാരും ഗായകരും വരെ പെണ്‍കുട്ടികളുടെ വസ്ത്രധാരണയെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അത്തരം ഘട്ടങ്ങളിലൊന്നും പോലീസ് കേസെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അവിടെയാണ് ഇടതുസര്‍ക്കാരിന്റെ നിലപാടില്‍ സംശയമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഫാറൂഖ് കോളജ് അധ്യാപകനായ ജൗഹര്‍ മുനവ്വറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നരിക്കുനിയില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗമാണ് കേസിന് അധാരം. പെണ്‍കുട്ടികളുടെ മാറിയ വസ്ത്രധാരണ രീതിയെ കുറിച്ച് അധ്യാപകന്‍ പ്രസംഗിച്ചപ്പോള്‍ നടത്തിയ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ആക്ഷേപം. തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇതിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗും വിഷയം ഏറ്റെടുക്കുന്നത്. നേരത്തെ ഇസ്ലാമിക മത പ്രബോധകന്‍ എം.എം അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും ലീഗ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad