Type Here to Get Search Results !

Bottom Ad

ഗര്‍ഭിണിയായ യുവതിയെ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു


കാസര്‍കോട് (www.evisionnews.co): വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ യുവതിയെ പരിശോധിക്കാന്‍ കൂട്ടാക്കാതിരുന്ന വനിതാഡോക്ടര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു. ഉദുമ മുതിയക്കാലിലെ കെ. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കാസര്‍കോട് മല്യ ആസ്പത്രിയിലെ മായ എസ് മല്യക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയെ വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ പരിശോധിക്കാതെ തന്നെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് വേദന കഠിനമായതോടെ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും നഴ്സിനോട് ഫോണിലൂടെ മരുന്നുനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ നേരിട്ട് വന്ന് പരിശോധിക്കണമെന്ന് രോഗിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല.
മുഹമ്മദ് കുഞ്ഞിയുടെ പരാതി പ്രകാരം പൊലീസ് ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്ത് രാത്രി 12.30 മണിയോടെ അടുത്തുള്ള മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭപാത്ര കുഴല്‍ പൊട്ടിയ നിലയിലാണെന്നും രക്തം കെട്ടിനില്‍ക്കുകയാണെന്നും അറിയിച്ചു. രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുകയും തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. സമയത്ത് ചികിത്സ നല്‍കിയത് കൊണ്ട് മാത്രമാണ് രോഗി രക്ഷപ്പെട്ടതെന്നും മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad