Type Here to Get Search Results !

Bottom Ad

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും മുഖ്യവരുമാനങ്ങളും കവര്‍ന്നെടുത്ത് പ്രദേശിക ഭരണ സംവിധാനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. മദ്യമുതലാളിമാരെ സഹായിക്കുന്നതിന് വേണ്ടി മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം നേരത്തെ സര്‍ക്കാര്‍ എടുത്തു കളയുകയും നഗരസഭാ, ഗ്രാമപഞ്ചായത്തുകളുടെ മുഖ്യവരുമാനങ്ങളായ വിനോദനികുതിയും പരസ്യനികുതിയും ജി.എസ്.ടിയുടെ പരിധിയിലുള്‍പ്പെടുത്തി സര്‍ക്കാറിന് മുതല്‍ കൂട്ടുകയും ചെയ്തിരിക്കയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അതിന്റെ അധികഭാരം ജനങ്ങളുടെ മേല്‍ കെട്ടിവെക്കുകയുമാണ്. നിലവില്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ച കെട്ടിട നികുതിക്ക് പുറമെ ഒരോ വര്‍ഷവും വീണ്ടും കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനും, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ ഫീസ് കുത്തനെ ഉയര്‍ത്താനും കെട്ടിട നിര്‍മ്മാണ അനുമതി ഫീസും, കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസും അനേകമിരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പ്രദേശിക ഭരണകൂടങ്ങള്‍ വാടകക്ക് നല്‍കിയിട്ടുള്ള കെട്ടിടങ്ങളുടെ വാടക പി.ഡബ്ല്യൂ.ഡി നിരക്കില്‍ പുതുക്കുവാനും ഉത്തരവായിട്ടുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം വ്യാപാര തൊഴില്‍ മേഖലകള്‍ തകരുകയും സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും കവര്‍ന്നെടുക്കുവാനും പിന്‍വാതിലൂടെ ജനങ്ങളുടെ മേല്‍ അധികഭാരം വെച്ചുകെട്ടാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad