Type Here to Get Search Results !

Bottom Ad

ആയംകടവ് പാലം: മഴക്കാലത്തിന് മുമ്പ് പണി പൂര്‍ത്തിയാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷ അസ്തമിക്കുന്നു


പെരിയ (www.evisionnews.co): ആയംകടവ് പാലത്തിന്റെ നിര്‍മാണം മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ അകലുന്നു. പുല്ലൂര്‍- പെരിയ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാവടുക്കം പുഴയ്ക്ക് കുറുകെ ആയംകടവില്‍ പാലം പണിയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ പില്ലറുകളുടെ നിര്‍മാണ പ്രവൃത്തിയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും കരാറുകാരനുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്നാണ് പറയുന്നത്. പുതുക്കിയ ഘടനയില്‍ കരാര്‍ തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കടലാസുപണികള്‍ വൈകുന്നതും ഇപ്പോള്‍ പ്രവൃത്തി മുടങ്ങാന്‍ കാരണമായിരിക്കുകയാണ്.

ആദ്യം കരാറെടുത്തയാള്‍ പ്രവൃത്തി തുടങ്ങുന്നത് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഏറെനാളത്തെ അനിശ്ചിതത്വത്തിന് ശേഷം മറ്റൊരു കരാറുകാരനെ ഏല്‍പ്പിച്ചാണ് പാലം നിര്‍മാണം ആരംഭിച്ചത്. ജോയിന്റുകളില്ലാതെ നിര്‍മിക്കുന്ന ആയംകടവ് പാലം രണ്ടു മലകളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ബേഡകം പഞ്ചായത്തിലെ പെര്‍ളടുക്കത്തെ ആയമ്പാറ- പെരിയ റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

പ്രവൃത്തിയില്‍ വരുത്തിയ ഭേദഗതികളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ കാലതാമസവും പ്രവൃത്തി നടത്തിപ്പ് അവതാളത്തിലാക്കി. മെയ് മാസത്തോടെ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരെേത്ത അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥമൂലം നിര്‍മാണം മുടങ്ങുന്ന അവസ്ഥയാണ്. മഴയെത്തുന്നതിനു മുമ്പ് ആയംകടവു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad