Type Here to Get Search Results !

Bottom Ad

രണ്ടുവയസില്‍ പാമ്പുകടിയേറ്റു: ബോധമില്ലാതെ 13വര്‍ഷം, ഒടുവില്‍ കണ്ണടച്ചു


കോഴിക്കോട് (www.evisionnews.co): രണ്ടു വയസില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പതിനഞ്ചുകാരനായ സൂരജിന് വിഷപ്പാമ്പിന്റെ കടിയേറ്റത്. ആദ്യം വീട്ടുകാര്‍ ശ്രദ്ധിച്ചതേയില്ല. ഈര്‍ക്കില്‍ കൊണ്ടാതാവാം എന്നുകരുതി. എന്നാല്‍ കുഞ്ഞ് സൂരജ് വാവിട്ടുകരയുന്നത് കണ്ടു പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കരുവാളിച്ച് കിടക്കുന്നത് കണ്ടത്. 

ആദ്യം വിഷവൈദ്യന്റെ അടുത്തേക്ക്.. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്... പക്ഷെ ശ്രമമെല്ലാം വിഫലം. കുഞ്ഞു സൂരജ് അബോധാവസ്ഥയിലായി നീണ്ട പതിമൂന്ന് വര്‍ഷത്തേക്ക്. എല്ലാത്തിനും ഒടുവില്‍ കഴിഞ്ഞ ദിവസം നീണ്ടനിദ്രയിലേക്ക്... എന്നെങ്കിലും ഒരിക്കല്‍ അവന്‍ കണ്ണുതുറക്കുമെന്ന് കരുതിയ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകളെ തകര്‍ത്ത് അവന്‍ ഒരു കൊച്ചുകള്ളനെപ്പോലെ ഓടിമറയുകയായിരുന്നു.

ഏതിനത്തില്‍ പെട്ട പാമ്പാണ് കടിച്ചതെന്ന് പാമ്പ്കടിയേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സിലാവാഞ്ഞതാണ് സൂരജിന്റെ കാര്യത്തില്‍ വില്ലനായത്. അതുകൊണ്ടുതന്നെ വിഷമിറക്കാന്‍ പല ആന്റിവെയിനുകളും കുഞ്ഞ് സൂരജില്‍ പ്രയോഗിച്ചു. 18 ദിവസത്തെ തീവ്രപരിചരണം. പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ആശുപത്രിയില്‍ നിന്ന് രണ്ടുമാസത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. ബാല്യവും കൗമാരവും കടന്നുപോയത് അവന്‍ അറിഞ്ഞതേയില്ല.

കൃഷ്ണമണികള്‍ പോലും അനക്കാത്ത പതിമൂന്ന് വര്‍ഷങ്ങള്‍. എത്ര വേദനയാണ് അവന്‍ അനുഭവിക്കുന്നതെന്ന് പോലും അറിയാന്‍ കഴിഞ്ഞില്ല. സന്ധികള്‍ അനക്കാതെ കരയാതെ വിയര്‍ക്കാതെയാണ് അവന്‍ കഴിഞ്ഞത്. പതിമൂന്ന് വര്‍ഷം രാപകലില്ലതെ കാത്തിരുന്നിട്ടും അവന്‍ ഞങ്ങളെ വിട്ടുപോയല്ലോ... വിതുമ്പലോടെ അമ്മ രാധ പറയുന്നു. മലപ്പുറം ജില്ലയിലെ സിയാക്കണ്ടം തളി സ്വദേശിയായ

സുബ്രഹ്മണ്യന്‍- രാധ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സൂരജ്. സന്ദീപ്, സുകന്യ സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad