Type Here to Get Search Results !

Bottom Ad

എം.ആര്‍.എസ് ഹയര്‍ സെക്കണ്ടറി ഹോസ്റ്റലും റിക്രിയേഷന്‍ ഹാളും ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ (എം.ആര്‍.എസ്) പരവനടുക്കം സ്‌കൂള്‍ ഏറ്റവും മികച്ചതാണെന്ന് പട്ടിക ജാതി- വര്‍ഗ, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹയര്‍ സെക്കണ്ടറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും റിക്രിയേഷന്‍ ഹാളിന്റെയും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍ മറ്റ് എം.ആര്‍.എസുകള്‍ക്ക് മാതൃകയാണ്. എസ്.എസ്.എല്‍.സിക്ക് തുടര്‍ച്ചയായി നൂറ് ശതമാനം വിജയവും പ്ലസ്ടുവിനു മികച്ച വിജയം കൈവരിക്കുന്നതും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. മൂന്നു നിലകളിലായി 2394 ചതുരശ്രമീറ്ററില്‍ പണി പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ കെട്ടിടത്തിന് 3.48 കോടി രൂപയാണ് ചെലവഴിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 27,50,000 രൂപയ്ക്കാണ് റിക്രിയേഷന്‍ ഹാള്‍ പൂര്‍ത്തിയാക്കിയത്.
 
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കമലാക്ഷന്‍ പലേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, മെമ്പര്‍ രേണുക ഭാസ്‌കരന്‍, പട്ടികവര്‍ഗ വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ശശീന്ദ്രന്‍, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍, ടി.നാരായണന്‍, എം. സദാശിവന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് അനില്‍ കുമാര്‍, ജില്ല ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ പി.ടി അനന്തകൃഷ്ണന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad