Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍


ബംഗളൂരു (www.evisionnews.co): മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ (55) വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശി കെ.ടി നാരായണ്‍ കുമാര്‍ (37) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഹിന്ദു യുവസേന എന്ന സംഘടനയിലെ പ്രവര്‍ത്തകനാണ് ഇയാള്‍. അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വച്ചതിന് ഫെബ്രുവരി 18നാണ് ഇയാള്‍ ബംഗലൂരു പോലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഗൗരിയുടെ കൊലയിലെ പങ്ക് പുറത്തുവരുന്നത്.

ആയുധം കൈവശം വച്ചതിന് ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൊലയില്‍ ഇയാളുടെ പങ്ക് വ്യക്തമായതോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കൊലപാതകത്തില്‍ ഇയാളുടെ പങ്കിനെ കുറിച്ച് ചില സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തിന് സൂചന നല്‍കിയിരുന്നു.

കുമാറിന്റെ കുറ്റസമ്മത മൊഴി മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. 2017 സെപ്തംബര്‍ അഞ്ചിന് വെസ്റ്റ് ബംഗലൂരുവിലെ വീടിനു മുന്നില്‍ വച്ചാണ് അജ്ഞാത സംഘം ഗൗരിയെ വെടിവച്ച് വീഴ്ത്തിയത്. സിസിടിവിയില്‍ നിന്നും ലഭിച്ച കൊലയാളിയുടെ ശരീരഭാഷ കുമാറിന്റേതുമായി സാദൃശ്യമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി. 7.65 എംഎം പോയിന്റ് നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു അക്രമികള്‍ വെടിവച്ചത്. ഗൗരിയുടെ ദേഹത്തുനിന്ന് കണ്ടെടുത്ത നാല് വെടിയുണ്ടകളും ശൂന്യമായ വെടിത്തിരകളും പരിശോധിച്ചതില്‍ നിന്ന് കന്നഡ പണ്ഡിതന്‍ എം.എം കല്‍ബുര്‍ഗി (77)യെ 2015 ഓഗസ്റ്റ് 30 ന് കര്‍ണാടകയിലെ ദര്‍വാദില്‍ വെടിവച്ച് കൊലപ്പെടുത്തിയത് ഇതേ സംഘമാണെന്ന സൂചനയാണ് ലഭിച്ചിരുന്നത്. ഇരുവരേയും 7.65 എം.എം പോയിന്റ് തോക്ക് ഉപയോഗിച്ചായിരുന്നു വെടിവച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad