Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭാ ബജറ്റ്: ഷീ ലോഡ്ജും ഗസ്റ്റ് ഹൗസും പണിയും



കാസര്‍കോട് (www.evisionnews.co):  വിദ്യാഭ്യാസത്തിനും വനിതാക്ഷേമത്തിനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി അവതരിപ്പിച്ചു. മുന്‍ നീക്കിയിരിപ്പ് അടക്കം 51,68,48,067 രൂപ വരവും 45,45,68,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന 6,22,80,067 രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനം, നഗര സൗന്ദര്യവല്‍ക്കരണം, കുടിവെള്ളം, കാര്‍ഷിക, മത്സ്യമേഖലകളുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുള്ളതാണ് ബജറ്റ്. കാര്‍ഷിക മേഖലക്ക് 30ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാവശ്യത്തിന് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കും. അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വീട് റിപ്പയറിന് ധനസഹായം നല്‍കും.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഒരുപാട് പ്രവര്‍ത്തികള്‍ കൗണ്‍സില്‍ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പൂര്‍ത്തീകരിച്ച് വരികയാണെന്ന് ആമുഖ പ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജനവും നഗര ശുചീകരണവും ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് നടപ്പില്‍വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നഗരശുചീകരണത്തിന് പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹകരണം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം അബ്ദുല്‍ റഹിമാന്‍, അഡ്വ. വി.എം മുനീര്‍, എം. നൈമുന്നിസ, സമീന മുജീബ്, മിസ്‌രിയ ഹമീദ്, കൗണ്‍സിലര്‍മാരായ പി. രമേശ്, ഹമീദ് ബെദിര, അഹമ്മദ് മുജീബ് പങ്കെടുത്തു.

അടിസ്ഥാന സൗകര്യ വികസനം
അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാറിന്റെ ഫണ്ട്, കാസര്‍കോട് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്, പ്രദേശിക വികസന ഫണ്ട്, സര്‍ക്കാര്‍ ഏജന്‍സികളുടെ ധനസഹായം എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തിക വര്‍ഷം ഏഴുകോടി രൂപ ലഭ്യമാക്കും

നഗരം സൗന്ദര്യവല്‍ക്കരിക്കും
മുനിസിപ്പല്‍ ഓഫീസിന്റെ ലാന്റ് മാര്‍ക്ക് എന്ന നിലയില്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തുള്ള ജംഗ്ഷനില്‍ കവാടം സ്ഥാപിക്കും. മുനിസിപ്പല്‍ ഓഫീസ് റോഡ് നവീകരിക്കും. ഇരുഭാഗങ്ങളിലും ഹാന്റ് റയില്‍ സ്ഥാപിച്ച് ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതയൊരുക്കുന്നതിന് ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തി. നഗരത്തിലെ പാര്‍ക്കുകളുടെ നവീകരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

പ്രധാന റോഡുകളില്‍ ദിശാബോര്‍ഡുകള്‍
ഇതിന് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനഘട്ടത്തിലാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നടപ്പുവര്‍ഷം അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ ഭരണ സമിതിയുടെ സ്വപ്ന പദ്ധതികളായ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് എന്നിവയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. ഷോപ്പിംഗ് കോംപ്ലക്‌സിന് മൂന്നു കോടി രൂപയും ,മുനിസിപ്പല്‍ ഗസ്റ്റ് ഹൗസിന് മുപ്പത് ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. നടപ്പുവര്‍ഷത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് ഒരുകോടി രൂപയും മുനിസിപ്പല്‍ ഗസ്റ്റ് ഹൗസിന് 15ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ വിവിധ പദ്ധതികള്‍
സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി ജനറല്‍ ആസ്പത്രി, ആയുര്‍വേദ ആസ്പത്രി, ഹോമിയോ ആസ്പത്രി, നഗരസഭാ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ജനറല്‍ ആസ്പത്രിയിലെ കാഷ്വാലിറ്റി ബ്ലോക്ക് വിപുലീകരിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തുക നീക്കിവെച്ചിട്ടുണ്ട്.

വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും
വിദ്യാലയങ്ങളുടെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തും. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് നഗരസഭാ വിഹിതമായി 20ലക്ഷം രൂപ നല്‍കും. പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കും. നിലവിലുള്ളവ നവീകരിക്കും. മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വിദ്യാലയങ്ങള്‍ക്കാവശ്യമായ ഫര്‍ണീച്ചറുകള്‍, കമ്പ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യും. കൈമാറ്റം ചെയ്യപ്പെട്ട വിദ്യാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. സ്ഥലം അന്യാധീന മായി പോകാതിരിക്കാന്‍ വിവിധ സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നത് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.

കുടിവെള്ള വിതരണത്തിന് 50ലക്ഷം
പുതിയ പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യും. നിലവിലുള്ള കുടിവെള്ള ശ്യംഖലകള്‍ മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി 50ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ അനുമതിയോട് കൂടി പുതിയ കുഴല്‍ കിണര്‍ കുഴിച്ച് വെള്ളം വിതരണം ചെയ്യുന്നതിനും കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനും നടപടി സ്വീകരിക്കും. വരള്‍ച്ച ഘട്ടങ്ങളില്‍ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യും.

വാര്‍ഡുകളുടെ വികസനം
38വാര്‍ഡുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതത്തില്‍ നിന്നും ഓരോ വാര്‍ഡിലേക്കും എട്ടു ലക്ഷം രൂപ വീതം അനുവദിക്കും. ഇതിനായി 3.04കോടി രൂപ നീക്കിവെച്ചു.

ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍
നഗരസഭാ പ്രദേശത്ത് ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ ഊര്‍ജിതപ്പെടുത്തും. വയോമിത്രം, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഹെല്‍പ്പര്‍ക്കും ടീച്ചര്‍ക്കും അധികവേതനം നല്‍കും. അങ്കണ്‍വാടികള്‍ക്കുള്ള പോഷകാഹാര സംവിധാനം ഊര്‍ജിതപ്പെടുത്തും. അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും അധിക വേതനം ഉറപ്പാക്കും. അങ്കണ്‍വാടി കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് പദ്ധതി നടപ്പിലാക്കും.

പട്ടികജാതി- വര്‍ഗ വികസനം
പട്ടികജാതി കോളനികളില്‍ റോഡ്, നടപ്പാത, ഓവുചാലുകള്‍ നിര്‍മ്മിക്കും. പ്രാദേശിക ജല സ്രോതസുകള്‍ ഉപയോഗിച്ച് കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും. പട്ടികജാതി കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് വിവാഹ ധനസഹായം നല്‍കും. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ്, ഫര്‍ണീച്ചര്‍ എന്നിവ നല്‍കും.
11 പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഊരുകൂട്ടം വിളിച്ച് ചേര്‍ത്ത് അതില്‍ നിന്നും ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

കുടുംബശ്രീ വനിതകള്‍ക്കായി
പവര്‍ ലോണ്‍ ഡ്രി യൂണിറ്റ്
കുടുംബശ്രീ അംഗങ്ങളായ യുവതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി പവര്‍ ലോണ്‍ ഡ്രി യൂണിറ്റ് ആരംഭിക്കും. ഇതിനായി 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. വനിതകള്‍ക്കായി ഷീ ലോഡ്ജ് പണിയാനായി 35ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്വയം തൊഴിലിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പ്രത്യേക സംവിധാനം നടപ്പിലാക്കും.

തനത് കലകള്‍ക്ക് പ്രോത്സാഹനം
കാസര്‍കോടിന്റെ തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും. മുനിസിപ്പല്‍ ലൈബ്രറിയുടെ റഫറന്‍സ് വിഭാഗം പുതിയ സാങ്കേതിക മികവോടെ നവീകരിക്കും .യുവതി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശില്‍പശാലകളും ചിത്ര പ്രദര്‍ശനങ്ങളും കവിത, കഥ, ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും

സി.സി ടി.വി സ്ഥാപിക്കാന്‍ എട്ടുലക്ഷം
പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, മത്സ്യ മാര്‍ക്കറ്റ്, ജനറല്‍ ആസ്പത്രി പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കറന്തക്കാട് ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ശുചിത്വവും സമാധാനവും ലക്ഷ്യമാക്കി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. എട്ടുലക്ഷം രൂപ പദ്ധതിക്കായി നീക്കിവെച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad