Type Here to Get Search Results !

Bottom Ad

നാട്ടുകാരുടെ സഹകരണത്തില്‍ അജാനൂര്‍ ഫിഷറീസ് സ്‌കൂളിന് വാടക കെട്ടിടത്തില്‍ നിന്നും മോചനം

അജാനൂര്‍ (www.evisionnews.co): നാട്ടുകാരുടെ സഹകരണത്തോടെ അജാനൂര്‍ ഫിഷറീസ് യു.പി സ്‌കൂളിന് വാടകകെട്ടിടത്തില്‍ നിന്നും മോചനം. 78 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയം നാട്ടുകൂട്ടായ്മയുടെ കരുത്തില്‍ നാടിന്റെ സ്വന്തമാക്കിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മാതൃകയായി.
നിലവില്‍ 250 കുട്ടികള്‍ പഠിക്കുന്ന ഈവിദ്യാലയം ഒരു വിധ ആനുകൂല്യവും സര്‍ക്കാരില്‍നിന്ന് ലഭിക്കാന്‍ വഴിയില്ലാതെ ഇഴയുകയായിരുന്നു. മൂന്നു വര്‍ഷത്തെ ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഉടമകളായ എ. ഹമീദ് ഹാജിയുടെയും സഹോദരങ്ങളുടെയും കൈയില്‍ നിന്നും ഒരു കോടി രൂപ മതിക്കുന്ന ആസ്തി 35 ലക്ഷം രൂപക്ക്് സ്വന്തമാക്കിയാണ് കേരള ഗവര്‍ണറുടെ പേരില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തത്. പഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ സ്‌കൂളിനായി നീക്കിവെച്ചു. ബാക്കി തുക പിടിഎയും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും സ്വരൂപിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പി. മോഹനനനും വികസന സമിതി ചെയര്‍മാന്‍ കെ. രാജനും ഗള്‍ഫ് നാടുകളിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെയും പ്രമുഖ വ്യക്തികളെയും സമീപിച്ചപ്പോള്‍ സ്‌കൂളിന് സ്വന്തം സ്ഥലവും കെട്ടിടവും എന്ന സ്വപ്നം യാഥാര്‍ഥ്യത്തിന് വേഗമായി. വ്യവസായി എം.എ യൂസഫലിയും രണ്ടുലക്ഷം രൂപ നല്‍കി ഈ സംരംഭത്തില്‍ പങ്കാളിയായി. 
സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഇ. ചന്ദ്രശേഖരനും , യു.എ.ഇയിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖരായ എം.എം നാസര്‍, കെ.എസ് സുരേന്ദ്രന്‍, രഞ്ജിത്ത് ജഗന്നാഥന്‍, സുരേഷ്‌കുട്ടിയന്‍, ദുബായിലെ പൊലീസ് ഉദ്യാഗസ്ഥനായ ഉമര്‍, പൗര പ്രമുഖനായ മെട്രോ മുഹമ്മദ് ഹാജി എന്നിവരുടെ സകരണവും പി.ടി.എ പ്രസിഡണ്ട് സജീവന്‍, പൂര്‍വ  വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് പിപി കുഞ്ഞബ്ദുള്ള, വികസന സമിതി അംഗങ്ങളായ സുശീല രാജന്‍, എപി രാജന്‍ എന്നിവരടക്കമുള്ളവരുടെ പ്രയത്‌നവും ഒത്തുചേര്‍ന്നാണ് ഈപദ്ധതി യഥാര്‍ഥ്യമായതെന്ന് പ്രധാനാധ്യാപകന്‍ എ.ജി ഷംസുദ്ധീന്‍ പറഞ്ഞു. അജാനൂര്‍ ഫിഷറീസ് യുപി സ്‌കൂള്‍ പൊതുമേഖലയില്‍ എത്തിയതോടെ സര്‍ക്കാരിന്റെ ആദ്യ സഹായവും സ്‌കൂളിലെത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ സ്‌കൂളിന് പാചകപ്പുര പണിയാന്‍ ആറുലക്ഷം രൂപ വകയിരുത്തി.


Post a Comment

0 Comments

Top Post Ad

Below Post Ad