Type Here to Get Search Results !

Bottom Ad

ഖാസി കേസ്: വെളിപ്പെടുത്തല്‍ കെട്ടുകഥയെന്ന് സി.ബി.ഐയും: അഷ്‌റഫിനും ഫാറൂഖ് തങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചേക്കും


കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലെന്ന പേരില്‍ ആദൂര്‍ പരപ്പയിലെ പി.എ അഷ്‌റഫിന്റെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതും പച്ചക്കളവുമാണെന്ന് തെളിഞ്ഞതോടെ വോയിസ് ക്ലിപ്പുമായി രംഗത്തുവന്ന പി.ഡിപി നേതാവ് ഫാറുഖ് തങ്ങളും കൂട്ടാളികളും ഊരാക്കുടുക്കിലായി. അഷ്‌റഫിന്റെ വെളിപ്പെടുത്തലുകളെ ചുവടുപിടിച്ച് രംഗത്തുവന്ന ആക്ഷന്‍ കമ്മിറ്റിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ആറുമാസം മുമ്പാണ് പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ആദൂര്‍ സ്വദേശിയുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളോട് അഷ്‌റഫ് ഫോണ്‍ സംഭാഷണം നടത്തിയെന്ന രൂപത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന രീതിയില്‍ പുതിയ വെളിപ്പെടുത്തലെന്ന് പറഞ്ഞാണ് പി.ഡി.പി വോയ്‌സ് ക്ലിപ്പുമായി രംഗത്തുവന്നത്. ഇതിന് പിന്നാലെ ഇയാളെ കുറിച്ച് ഞങ്ങള്‍ക്കറിയാമെന്നും മരണം നടന്ന് മാസങ്ങള്‍ക്കകം തന്നെ അഷ്‌റഫ് തന്നോട് തുറന്നുപറഞ്ഞതായും ഇയാള്‍ വിവിധയിടങ്ങളില്‍ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതാവ് നിസാര്‍ മേത്തര്‍ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് ഫാറൂഖ് തങ്ങള്‍ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് അഷ്‌റഫ് പറഞ്ഞ കാര്യങ്ങള്‍ പുറത്തുവിട്ടത്. 

എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ഈ വെളിപ്പെടുത്തലുകളെല്ലാം വ്യാജമാണെന്നും പണമുണ്ടാക്കാന്‍ രണ്ടുപേരും ചേര്‍ന്ന് തയാറാക്കിയ കെട്ടുകഥയാണെന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തനിക്ക് വിരോധമുള്ളവരുടെയെല്ലാം പേര് ഉള്‍പ്പെടുത്തിയാണ് അഷ്‌റഫും സുഹൃത്തു കൂടിയായ ഫാറൂഖ് തങ്ങളും കഥകള്‍ ഉണ്ടാക്കിയതെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. അതേസമയം പിഡിപി പാര്‍ട്ടി നേതാക്കള്‍ ഇതിനെ രാഷ്ട്രീയമായി മുന്നോട്ടുകൊണ്ടുപോകാനും ശ്രമിക്കുകയായിരുന്നു.

വോയിസ് ക്ലിപ്പുമായി ഫാറൂഖ് തങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ തങ്ങളെ പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും ഈ വെളിപ്പെടുത്തലിന് പിന്നില്‍ അദ്ദേഹത്തിന് മറ്റെന്തെങ്കിലും താല്‍പര്യമുണ്ടെന്ന് സംശയിക്കുന്നുവെന്നും ചെമ്പരിക്ക- മംഗലാപുരം ഖാസി താഖ മൗലവി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞിരുന്നു. അഷ്‌റഫില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ശേഖരിച്ചുനല്‍കാന്‍ പണം ആവശ്യപ്പെട്ട് ഖാസി കേസുമായി മുന്നോട്ടുപോകുന്നവരെ സമീപിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താഖാ ഉസ്താദിനെ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അഷ്‌റഫിന്റെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് സിബിഐ പുറത്തുവിട്ടതോടെ കേസില്‍ ആരോപിതനായ നീലേശ്വരത്തെ സുലൈമാന്‍ വൈദ്യരുടെ മകള്‍ കേസിന്റെ നൂലാമാകളില്‍ പെട്ട് കുടുംബത്തെ തീ തീറ്റിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. തന്റെ സഹോദരി ഭര്‍ത്താവായിരുന്ന അഷ്‌റഫിനെതിരെയും അയാളുടെ പൊള്ളവാക്കുകള്‍ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിശിതമായ വിമര്‍ശനവുമായാണ് സുലൈമാന്‍ വൈദ്യരുടെ മകള്‍ നസീറ ഫേസ്ബൂക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. ഇതോടെ പ്രമാദമായ കേസിനെ പുതിയ തെളിവുകളെന്ന് ധരിപ്പിച്ച് വ്യാജ സന്ദേശമുണ്ടാക്കി വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതിനും പണത്തിന് വേണ്ടി ഒരു കുടുംബത്തെ അപമാനിച്ചതിനും അഷ്‌റഫിനും ഫാറൂഖിനുമെതിരെ സി.ബി.ഐ അടക്കം നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്. സംസ്ഥാന നേതൃത്വം കാര്യമായി ഇടപെടല്‍ നടത്തിയ സാഹചര്യത്തില്‍ പിഡിപിയുടെ ഭാഗത്ത് നിന്ന് ഫാറൂഖ് തങ്ങള്‍ക്കെതിരെ എന്തു നടപടിയായിരിക്കും ഉണ്ടാകുക എന്നും കാണേണ്ടിയിരിക്കുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad