തിരുവനന്തപുരം:(www.evisionnews.co) കണ്ണട വിവാദത്തിൽ വിശദീകരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കണ്ണട വാങ്ങിയ കാര്യം സൂക്ഷമായ പഠനത്തിനും പരിശോധനക്കും വിധേയമാക്കാതിരുന്നതും ലെന്‍സിന്റെ വിലയും ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദേശവും സൂക്ഷമായി പരിശോധിക്കാതിരുന്നതും പിശകായിപ്പോയെന്നും സ്പീക്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ഗഹനമായ പഠനം നടത്തുകയോ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയോ ചെയ്യാതെ ലെന്‍സ് വാങ്ങാന്‍ നിര്‍ബന്ധിതനാവുകയാണുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയായിരുന്നു പ്രധാനം. ഒരു പക്ഷേ, സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലും അത് വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
ശരീരം പൂര്‍ണ്ണമായി തിരിഞ്ഞാല്‍ മാത്രമേ അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി മുഴുവനായി കാണാന്‍ കഴിയുന്നുള്ളൂവെന്ന കാഴ്ചാ പ്രശ്നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടര്‍ പുതിയ സ്പെസിഫിക്കേഷനിലുള്ള ലെന്‍സോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിര്‍ദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്ക് കാഴ്ചയുമായി മാത്രം ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്. എന്റെ ദൈനംദിന ജീവിതത്തെ, പൊതു പ്രവര്‍ത്തനത്തെ ബാധിക്കാത്തിടത്തോളം അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ സമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കാനോ തയ്യാറുമല്ല - സ്പീക്കര്‍ വ്യക്തമാക്കി.
പ്രസക്തഭാഗങ്ങള്‍
ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്ബത്തികാരോപണങ്ങളുടെയോ, ധൂര്‍ത്തിന്റെയോ പേരില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവര്‍ക്കാര്‍ക്കും അങ്ങനെയൊരു വിമര്‍ശനമുണ്ടാവുമെന്ന് കരുതുന്നുമില്ല. എന്നാല്‍ ഉപയോഗിക്കേണ്ടി വന്ന, ഒരു കണ്ണടയുടെ പേരില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നര്‍മോക്തി കലര്‍ന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിര്‍ഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും തികച്ചും പോസിറ്റീവ് ആയി കാണുകയും, ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ടെന്ന ബോദ്ധ്യം ഉണ്ടാക്കിത്തന്ന മുഴുവന്‍ സുഹൃത്തുക്കളോടും വിമര്‍ശകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.
നാലു പതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചര്‍ച്ച ചെയ്യപ്പെടണം. ഇതില്‍ കാണിക്കുന്ന സവിശേഷ താല്‍പര്യം അസാധാരണമാണോ എന്നത് സമൂഹവും കാലവും വിധിയെഴുതട്ടെ.
ഏതെങ്കിലും തരത്തില്‍ ആര്‍ഭാടകരമായ ഫ്രെയിമുകള്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിട്ടില്ല. വിദേശത്തു നിന്നും നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിലയേറിയ കണ്ണടകള്‍ സമ്മാനിക്കുമ്ബോഴൊക്കെ സ്നേഹപൂര്‍വ്വം നിരസിക്കുകയാണ് പതിവ്. മാത്രമല്ല ഇടക്കിടെ പല സ്ഥലത്തും വച്ച് നഷ്ടപ്പെട്ടു പോവുന്ന തിനാല്‍ അതിനോടൊരു പ്രത്യേക താല്‍പര്യമോ മമതയോ തോന്നിയിട്ടുമില്ല.
പ്രായമായ മാതാവിന്റെയോ, കുടുംബത്തിന്റെയോ എന്റെയോ ചികില്‍സക്ക് ആവശ്യമായി വന്നാല്‍ നിയമം അനുശാസിക്കുന്ന രീതി അവലംബിക്കുകയാണ് ശരി എന്നാണ് എന്റെ പക്ഷം. ഔദാര്യങ്ങള്‍ സ്വീകരിച്ച് മാന്യനായി നടിക്കുന്നത് ശരിയല്ല എന്നത് എന്റെ വീക്ഷണവും. അത് അബദ്ധമാണോ സുബദ്ധമാണോ എന്ന് സമൂഹം തീരുമാനിക്കട്ടെ. എല്ലാ അഞ്ചു വര്‍ഷത്തിലും കണ്ണട വാങ്ങാന്‍ നിയമസഭാ സാമാജികര്‍ക്കുള്ള പരിരക്ഷ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കൂടെ കൂട്ടത്തില്‍ പറയട്ടെ.
മാധ്യമങ്ങളോട് ഒരു വാക്ക്. മുന്നിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന വ്യക്തിപരമായ പരിശ്രമങ്ങള്‍ക്ക് ഈ മാദ്ധ്യമ ശ്രദ്ധയും പിന്തുണയും കിട്ടാറില്ലല്ലോ.
സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളിലും ഒരു പുന:പരിശോധന ആവശ്യമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിംഗ്, നടത്താനും തീരുമാനിക്കുന്നു. പക്ഷേ ഒപ്പം, ലഭിക്കേണ്ടിയിരുന്ന പിന്തുണകള്‍ ലഭിക്കാതെ പോയല്ലോ, എന്ന വിഷമം കൂടിയുണ്ട്. വ്യക്തി ജീവിതത്തിലെ വൈഷമ്യങ്ങളെ, വേദനകളെ, ശാരീരികാവശതകളെ പോലും സമൂഹ മദ്ധ്യേ വികൃതമായി ചിത്രീകരിക്കുന്ന മാദ്ധ്യമ, നവ മാദ്ധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നും പറയാതെ വയ്യ.
Post a Comment
0 Comments