കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണത്തിനു രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഡിജിപി വ്യക്തമാക്കി. 'ഷുഹൈബ് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കും. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ല. സംഭവത്തിനു ശേഷം വാഹന പരിശോധന നടത്തിയിരുന്നു. ഇക്കാര്യം ഡിസിസി പ്രസിഡന്റിനു ബോധ്യമുണ്ട്. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതല്ല. തിരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പ്രതികളെ പിടികൂടിയത്. ഒരേ സമയം 50 വീടുകളില്‍ വരെ തിരച്ചില്‍നടത്തി. സിബിഐ അന്വേഷണം വേണ്ടവര്‍ക്കു കോടതിയെ സമീപിക്കാം. ഇവിടത്തെ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലെ പൊലീസിനെ കേസ് ഏല്‍പ്പിക്കാം. പിടിയിലായതു ഡമ്മി പ്രതികളാണെന്ന ആരോപണം തെറ്റാണ്. അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു' രാജേഷ് ദിവാന്‍ വ്യക്തമാക്കി.
കേസില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണു പിടിയിലായത്. തില്ലങ്കേരി വഞ്ഞേരിയിലെ എം.വി.ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26), പൂന്തലോട്ടെ ശ്രീജിത്ത് (32) എന്നിവരാണു അറസ്റ്റിലായത്. മൂന്നുപേരും ഒന്നര വര്‍ഷം മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ആകാശ്, രജിന്‍രാജ് എന്നിവര്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം കഴിഞ്ഞദിവസം പുലര്‍ച്ചെ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. സിപിഎം ഏര്‍പ്പാടാക്കിയ ഡമ്മി പ്രതികളാണ് ഇവരെന്നും അന്വേഷണം ചുരുക്കാനാണു ശ്രമമെന്നു സംശയിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരനും സതീശന്‍ പാച്ചേനിയും ആരോപിച്ചിരുന്നു. എന്നാല്‍ ഡിജിപി ഈ ആരോപണം നിഷേധിച്ചു. ഡമ്മി പ്രതികളാണെന്നു സംശയിക്കുന്നതായി ഷുഹൈബിന്റെ ബന്ധുക്കളും പറഞ്ഞിരുന്നു. സിബിഐ അന്വേഷണം വേണമെന്നാണു ഷുഹൈബിന്റെ പിതാവു മുഹമ്മദ് ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം വേണ്ടവര്‍ക്കു കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കാനും ഡിജിപി മറന്നില്ല.
Post a Comment
0 Comments