മുംബൈ: ഉദുമ പെരിലാവളപ്പ് ശ്രീഉണ്ണിയടക്കം 22 ഇന്ത്യക്കാരുമായി ആഫ്രിക്കന്‍ തീരത്തു കാണാതായ എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ നാലു ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. കപ്പല്‍ തട്ടിയെടുത്ത കടല്‍ക്കൊള്ളക്കാര്‍ ഇന്നു വിട്ടുകൊടുത്തു. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പല്‍ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, മാലിനി ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
ജനുവരി 31നു വൈകിട്ട് ആറരയോടെയാണു കപ്പല്‍ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. അതേസമയം, ശ്രീഉണ്ണി അടക്കം 22 പേരെ വിട്ടയച്ചെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊട്ടോനൗവില്‍ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്‌നല്‍ ലഭിച്ചത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിനു പിറ്റേന്നു രാവിലെ 2.36ന് ഗള്‍ഫ് ഓഫ് ഗിനിയയില്‍ വച്ച് കപ്പലുമായുള്ള ആശയവിനിമയവും സാധ്യമല്ലാതായി. ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ കപ്പലിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ബെനീനിലെയും നൈജീരിയയിലെയും സര്‍ക്കാരിന്റെ സഹായം തേടുകയും ചെയ്തിരുന്നു. പാനമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണു കപ്പല്‍.
52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടണ്‍ ഇന്ധനമാണു കപ്പലിലുണ്ടായിരുന്നത്. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പല്‍ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കപ്പല്‍ അവസാനമായി നങ്കൂരമിട്ട പ്രദേശത്തു നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ വ്യോമനിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. നൈജീരിയന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ ശക്തമാക്കിയിരുന്നു. മേഖലയില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണു കപ്പല്‍ കാണാതാകുന്നത്. ജനുവരി ഒന്‍പതിനു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ആറു ദിവസത്തിനു ശേഷം മോചനദ്രവ്യം നല്‍കി തിരികെയെടുക്കുകയായിരുന്നു.
Post a Comment
0 Comments