കാസര്‍കോട് (www.evisionnews.co): പെരിയ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികള്‍ റിമാന്റില്‍. മധൂര്‍ പട്‌ള കുഞ്ചാറിലെ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിലെ അസീസ് എന്ന പട്ല അസീസ് (23) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. മുഖം മറച്ചുതന്നെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
അതിനിടെ ഇന്നലെ ഉച്ചയോടെ അന്വേഷണ സംഘം പ്രതികളെ കൊല നടന്ന സുബൈദയുടെ പെരിയ ചെക്കിപള്ളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖംമറച്ച് തന്നെയാണ് പ്രതികളെ സുബൈദയുടെ വീട്ടിലും പരിസരത്തും എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തിയത്. ഡി.വൈ.എസ്.പി ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും സംഭവം നടന്ന സ്ഥലത്തെത്തിച്ചത്. വയോധികയായ സ്ത്രീയെ കൊന്ന ഇരുവര്‍ക്കും നേരെ നാട്ടുകാര്‍ പ്രതിഷേധം ചൊരിയുകയും ചെയ്തു. തെളിവെടുപ്പിനായി പ്രതികളെ പെരിയയിലെത്തിച്ചപ്പോള്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പ്രതികളെ പോലീസ് വലയത്തില്‍ കൊണ്ടുവന്നപ്പോള്‍ കൂകിവിളിയും പ്രതിഷേധശരങ്ങളും ഉയര്‍ന്നുവന്നു.
Post a Comment
0 Comments