Type Here to Get Search Results !

Bottom Ad

അയൽക്കാരൻ രക്ഷകനായി;കുളത്തില്‍ വീണ അഞ്ചുവയസുകാരന്‌ പുനർജ്ജന്മം

ബോവിക്കാനം: (www.evisionnews.co)ആള്‍മറയില്ലാത്ത കുളത്തില്‍ വീണ അഞ്ചുവയസുകാരന്‌ അയല്‍വാസി രക്ഷകനായി. മുളിയാര്‍ പഞ്ചായത്തിലെ തായല്‍ ആലൂറില്‍ പരേതനായ മൈക്കുഴി മഹമ്മൂദാജിയുടെ മകന്‍ അബ്ദുല്‍ ഖാദറിന്റെയും സുലൈഖയുടെയും മകനായ മുഹമ്മദ്‌ ബാത്തിഷാണ്‌ 25അടി താഴ്‌ച്ചയുള്ള കുളത്തില്‍ നിന്നും അയല്‍വാസി ബഷീറിന്റെ സഹായത്താല്‍ ജീവിതത്തിലേക്ക്‌ തിരിച്ചുകയറിയത്‌. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ സംഭവം. വീടിന്‌ സമീപത്തുള്ള കുളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട്‌ ബഷീര്‍ ഓടിചെന്ന്‌ നോക്കിയപ്പോള്‍ കുളത്തില്‍ മുങ്ങി താഴുന്ന ബാത്തിഷിനെയാണ്‌ കണ്ടത്‌. ഉടന്‍ തന്നെ ബഷീര്‍ കുളത്തിലേക്ക്‌ എടുത്ത്‌ ചാടി. എഴടിയോളം വെള്ളമുണ്ടായിരുന്ന കുളത്തില്‍ നിന്നും കുട്ടിയെ എടുത്ത്‌ കുളത്തിന്റെ ഒരു ഭാഗത്ത്‌ മണ്ണിടിഞ്ഞ്‌ വീണുണ്ടായ ദ്വാരത്തില്‍ പിടിച്ച്‌ നിന്നു. കുളത്തിനുള്ളില്‍ നിന്നും ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ ശബ്ദം കേട്ട്‌ സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. പിന്നീട്‌ മുകളിലുണ്ടായിരുന്നവര്‍ രണ്ട്‌ ഏണികള്‍ കൂട്ടി കെട്ടി കുളത്തിലേക്ക്‌ കൊടുത്ത്‌ കുട്ടിയെയും ബഷീറിനെയും മുകളിലെത്തിച്ചു. വീഴ്‌ച്ചയില്‍ കുട്ടിക്ക്‌ പരുക്കുകളൊന്നും പറ്റിയിരുന്നില്ല. നേരത്തെ ഗള്‍ഫിലായിരുന്ന ബഷീര്‍ കാല്‍മുട്ടിന്റെ വേദന കാരണം ഇപ്പോള്‍ നാട്ടില്‍ വിശ്രമിക്കുകയാണ്‌. ബഷീറിന്റെ ധീരതയെ നാട്ടുകാര്‍ പ്രശംസിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad