ന്യൂഡല്‍ഹി: വന്‍പ്രചാരം നേടിയ 'ഒരു അഡാറ് ലവ്' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന പാട്ടിനെതിരെ കേസെടുത്തതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നായിക പ്രിയ പ്രകാശ് വാരിയര്‍ സുപ്രീംകോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണു പ്രിയയുടെ ആവശ്യം. കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു പ്രിയ ഹര്‍ജിയില്‍ വ്യക്തമാക്കി. പ്രിയയ്ക്കു പുറമേ, സംവിധായകന്‍ ഒമര്‍ ലുലുവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ ഒമറിനു തെലങ്കാന പൊലീസ് നോട്ടിസ് അയച്ചിരുന്നു. 'മാണിക്യമലരായ പൂവി' എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്‌ലിംകള്‍ പാടിവരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്‌നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരന്‍ സമിതി എന്ന സംഘടനയും പരാതി നല്‍കിയിരുന്നു.
ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണു മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ ആവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു.
ഇതിനിടെ, യൂ ട്യൂബില്‍ 3.4 കോടി 'കാഴ്ചകളും' പിന്നിട്ടു മുന്നേറുകയാണു പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ ഇന്റര്‍നെറ്റിലെ പുത്തന്‍ സെന്‍സേഷനുമായി. പി.എം.എ. ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പുനരാവിഷ്‌കരിച്ച പാട്ടാണ് ഇപ്പോള്‍ വൈറലായത്.
Post a Comment
0 Comments