ബംഗളൂരു:(www.evisionnews.co) കര്‍ണാടകയില്‍ ബി.ജെ.പി സംഘടിപ്പിച്ച നവ കര്‍ണാടക നിര്‍മ്മാണ പരിവര്‍ത്തന യാത്രയുടെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാഗ്ദ്ധാനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്തെത്തി. 2014ല്‍ മോദി നല്‍കിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരവസ്ഥ നേരിടുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടത്തിയ റാലിയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകുമോ എന്നും പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി പ്രഖ്യാപനങ്ങളാണ് മോദി റാലിയില്‍ നടത്തിയത്. കര്‍ഷകരുടെ വിളകള്‍ക്ക് കൃത്യമായ വില നല്‍കും. കര്‍ഷകരുടെ തല്‍പര്യത്തിനു വേണ്ടി ബി.ജെ.പി നേതാക്കള്‍ പ്രയത്നിക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ കര്‍ഷകര്‍ക്കായി നിര്‍ണായക തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി കഴിഞ്ഞ ദിവസം റാലിയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വര്‍ഷമായിട്ടും കര്‍ണാടകയിലെ ഏഴ് ലക്ഷം കുടുബങ്ങള്‍ ഇപ്പോഴും വൈദ്യുതി ലഭിക്കാതെ ഇരുട്ടിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചെറിയുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നുണകള്‍ വില്‍ക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ആരോപിച്ചു. മണിക്കൂറുകള്‍ സംസാരിച്ചിട്ടും കര്‍ണാടകയിലെ ജനങ്ങളെ ബാധിക്കുന്ന മഹാദായി നദി പ്രശ്നത്തെക്കുറിച്ച് മോദി മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണെന്ന മോദിയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. കര്‍ണാടകയിലല്ല ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിനെ മാറ്റങ്ങളുടെ നഗരമെന്നാണ് ലോകം അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments