കാസര്‍കോട് (www.evisionnews.co): ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട്ട് നാളെ നടക്കുന്ന മാര്‍ച്ചിന് സംഘാടകര്‍ ആവശ്യപ്പെട്ട റൂട്ടുകള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചു. താളിപ്പടുപ്പില്‍ നിന്നും ആരംഭിച്ച് കറന്തക്കാട് വഴി കാസര്‍കോട് നഗരത്തില്‍ സമാപിക്കാനാണ് സംഘാടകര്‍ മാര്‍ച്ചിന് അനുമതി തേടിയത്. എന്നാല്‍ കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താളിപ്പടുപ്പ്, കറന്തക്കാട് എന്നീ പ്രദേശങ്ങളില്‍ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്ന പോലീസ് നിലപാടിനെ തുടര്‍ന്ന് ഈ റൂട്ടുകള്‍ ഒഴിവാക്കി.
നിലവില്‍ പുലിക്കുന്നില്‍ തുടങ്ങി പഴയ ബസ് സ്റ്റാന്റ്- മല്ലികാര്‍ജുന ടെമ്പിള്‍- എയര്‍ലൈന്‍സ് റോഡ് വഴി പുതിയ ബസ്റ്റാന്റില്‍ മാര്‍ച്ച് സമാപിക്കുന്ന രീതിയിലാണ് റൂട്ട് അനുവദിച്ചിട്ടുള്ളത്. കൂടാതെ കറന്തക്കാട്, താളിപ്പടുപ്പ് പ്രദേശങ്ങളില്‍ കൊടിതോരണം, ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്തും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നും റൂട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമെ മാര്‍ച്ചിന് അനുമതി നല്‍കാനാവൂ എന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ തന്നെ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞിരുന്നു.
കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിലാണ് ഫെബ്രുവരി 17ന് മാര്‍ച്ച് നടത്താന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. കാസര്‍കോടിന് പുറമെ തിരൂര്‍, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലാണ് മാര്‍ച്ച് തീരുമാനിച്ചത്. നേരത്തെ തന്നെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഉള്‍പ്പടെ മാര്‍ച്ചുകള്‍ക്കും റാലികള്‍ക്കും സംസ്ഥാനത്ത് വിലക്കുണ്ടായിരുന്നു. ഫ്രീഡം പരേഡിന് വിലക്കേര്‍പ്പെടുത്തി 2012ല്‍ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.
Post a Comment
0 Comments